സന്തോഷം, ഉത്തരവാദിത്വം കൂടി, രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, സുരാജ് വെഞ്ഞാറമൂട്

മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ സുരാജ് വെഞ്ഞറാമൂട്. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് അവാർഡിന് അർഹനായത്. രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, അത് പ്രേക്ഷകർ സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പുരസ്ക്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങളും സുരാജ് അറിയിച്ചു. കോവിഡ് കാലം മാറി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രേക്ഷകർ സിനിമ കാണാനെത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് എന്നും താരം പറഞ്ഞു. നിലവിൽ ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ് സുരാജ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം രതീഷ് പൊതുവാൾ നേടി. സൗബിൻ ഷാഹിർ, സൂരജ്, മാല പാർവതി, മേഘ മാത്യു തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചത്.
നവാഗത സംവിധായകനായ എം.സി. ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി. കൊച്ചി മെട്രോയിൽ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരിൽ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എൽദോയുടെ കഥയാണ് ചിത്രം പറഞ്ഞത്.