നീറ്റ് പരീക്ഷാഫലം ഇന്ന്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഫലം ഇന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിക്കും.
ഫലം പ്രസിദ്ധീകരിച്ചാൽ, വിദ്യാർത്ഥികൾക്ക് nta.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. ഫലം ഡൗൺലോഡ് ചെയ്തെടുക്കാനായി പരീക്ഷാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകേണ്ടതുണ്ട്.
സ്കോർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യുന്നതിനായി ntaneet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ഡൗൺലോഡ് റിസൽട്ട് എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന് രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ എന്നിവ നൽകുക. ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമായാലുടൻ ഡൗൺലോഡ് ചെയ്യുക, ഒരു പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം.
എംബിബിഎസ് / ബിഎസ്‌ഡി കോഴ്‌സുകളിലേക്ക് യോഗ്യത നേടുന്നതിന്, വിദ്യാർത്ഥികൾ നീറ്റിൽ കുറഞ്ഞത് 50 ശതമാനം സ്കോർ നേടേണ്ടതുണ്ട്. സംവരണ ക്വാട്ടയിൽ പ്രവേശനത്തിനായി മിനിമം മാർക്ക് 40-ാം ശതമാനമാണ്. ഡിസബിലിറ്റിയുള്ള വ്യക്തികൾ എന്ന നിലയിലുള്ള അപേക്ഷകർക്ക് 45 ശതമാനമാണ് മിനിമം മാർക്ക്. ഇന്ത്യയിലെ കോളേജുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും നീറ്റ് സ്കോർ സ്വീകരിക്കുന്നു., ഏറ്റവും പുതിയ ചട്ടം അനുസരിച്ച്, വിദേശത്ത് മെഡിസിനും അനുബന്ധ മേഖലകളും പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും നീറ്റ് നിർബന്ധമാണ്.
രാജ്യത്തെ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക.കൂടാതെ ആയുഷ്, വെറ്റിനറി കോളേജുകളിൽ പ്രവേശിക്കുന്നതിനും നീറ്റ് സ്കോർ അത്യന്താപേക്ഷികമാണ്. നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ 542 മെഡിക്കൽ കോളേജുകളിലായി 80,055 എംബിബിഎസ് സീറ്റുകളിലേക്കും 313 ഡെന്റൽ കോളേജുകളിലായി 26,949 ബിഡിഎസ് സീറ്റുകളിലേക്കുമാണ് വിദ്യാർത്ഥികൾ യോഗ്യത നേടുക.
കൗൺസിലിംഗിന് യോഗ്യത നേടിയവർ അഖിലേന്ത്യാ ക്വാട്ട സീറ്റുകളുടെ 15 ശതമാനത്തിൽ താഴെ വരുന്നു. വിജയികളായവരുടെ പട്ടിക എൻടിഎ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മെഡിക്കൽ എക്സാമിനേഷൻ സെൽ, ഹെൽത്ത് സർവീസസ് ഡിജിക്ക് കൈമാറും. എൻടിഎ റാങ്ക് പ്രഖ്യാപിക്കുമ്പോൾ മന്ത്രാലയത്തിനാണ് കൗൺസിലിങ്ങിന്റെ ചുമതല.സർക്കാർ കോളേജുകളിലേക്കും ഡീമ്ഡ്/സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുമുള്ള, ഓൾ ഇന്ത്യ ക്വാട്ട (എഐക്യു) സീറ്റുകളുടെ 15 ശതമാനം പ്രവേശനം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) നടത്തും. സ്റ്റേറ്റ് ക്വാട്ട സീറ്റുകൾ (സർക്കാർ കോളേജുകളിലെ 85 ശതമാനം സീറ്റുകളുടെയും സ്വകാര്യ കോളേജുകളിലെ സീറ്റുകളുടെയും) പ്രവേശനത്തിനുള്ള കൗൺസിലിംഗ് അതാത് സംസ്ഥാനങ്ങളിലെ കൗൺസിലിംഗ് അധികൃതർ നടത്തും.