സന്ദീപ് നായർക്കെതിരെ കസ്റ്റംസ് നടപടി: അതൃപ്തിയുമായി എൻ ഐ എ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്കെതിരായ കസ്റ്റംസ് നടപടിയിൽ അതൃപ്തിയുമായ എൻ ഐ എ. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ എൻ.ഐ.എ തയ്യാറെടുക്കുന്നതിനിടെ കസ്റ്റംസ് സന്ദീപിന് മേൽ കോഫെപോസ ചുമത്തിയതാണ് എൻ ഐ എ ചൊടിപ്പിച്ചത്.
സ്വർണക്കടത്തിലെ പ്രധാനികളായ കെ.ടി റമീസുമായും സ്വപ്ന സുരേഷുമായും അടുത്ത ബന്ധമുളള സന്ദീപ് നായരുടെ രഹസ്യമൊഴി നിർണായകമാണെന്നാണ് എൻ.ഐ.എ വിലയിരുത്തൽ.ഒരു വർഷം ജാമ്യം ലഭിക്കാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിയമമാണ് കോഫെപോസ.
സ്വർണക്കടത്തിന്റെ മുഴുവൻ വിശദാംശങ്ങളും സന്ദീപിന്റെ രഹസ്യമൊഴിയിലുണ്ട്. എന്നാൽ സന്ദീപിന് മേൽ കൊഫേപോസ ചുമത്തിയാൽ ഇയാൾ ഒരു വർഷത്തെ കരുതൽ തടങ്കലിലാവും. ഇത് സന്ദീപിനെ മാപ്പുസാക്ഷിയാക്കി കേസുമായി മുന്നോട്ടുപോകുന്നതിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് എൻ.ഐ.എ പങ്കുവെക്കുന്നത്.
അതേ സമയം സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എൻഫോഴ്സ്മെന്റും എൻ.ഐ.എ കോടതിയെ സമീപിച്ചിട്ടുണ്ട്. രഹസ്യമൊഴി ഒരു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമായാണോ നൽകുന്നത് എന്നതിൽ തീരുമാനം അറിയിക്കാൻ കോടതി എൻ.ഐ.എ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചുളള തീരുമാനം ബുധനാഴ്ചയോടെ ഉണ്ടാകും.