വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും’: കനി കുസൃതി.

ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന പുരസ്കാര ജേതാവായ നടി കനി കുസൃതി. തന്റെ പേരില്‍ ഉയരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
താന്‍ സംവരണത്തെ എതിര്‍ക്കുന്നുവെന്നും മറിച്ച് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നത് എന്ന് കനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കനി കുസൃതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സംവരണത്തെ എതിര്‍ത്തും സാമ്പത്തിക അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു വ്യാജ സ്റ്റേറ്റ്മെന്റ് എന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി എന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.