കേരളം ഒഴികെ സി പി എം കോൺഗ്രസുമായി കൈകോർക്കുന്നു.

ന്യൂഡൽഹി/ പിടിച്ചു നിൽക്കാനുള്ള പിടിവള്ളി പോലും ഇല്ലാതായ അവസ്ഥയിൽ കേരളം ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാന ങ്ങളിലും തിരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കി കൈകോർക്കാൻ സി പി എം തീരുമാനിച്ചു. കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കാനാണ് സിപിഎം തീരുമാനം. പാർട്ടിക്കു പിടിച്ചുനിൽക്കാൻ മറ്റു വഴികൾ ഇല്ലാത്ത അവസ്ഥയിൽ ബിജെപിയെ ചെറുക്കാൻ മറ്റൊരു രാഷ്ട്രീയ മരുന്നും ഇല്ലാത്ത സാഹചര്യത്തിലാണ് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനം. സി പി എം പൊളിറ്റ്ബ്യൂറോയിൽ ആണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. പിബി നിലപാട് ഒക്ടോബർ 30നും 31നും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും ഡിഎംകെ മുന്നണിയുടെ ഭാഗമായിട്ടാണ് ഉള്ളത്. ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിലും കോൺഗ്രസ്സും, ഇടതു പാർട്ടികളും ഉണ്ട്. കേരളത്തിനു പുറമെ ബംഗാളിലും തമിഴ്നാട്ടിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്നലെ വരെ പറഞ്ഞ നയങ്ങളിലും, രാഷ്ട്രീയ നിലപാടുകളിലും ഒക്കെ മാറ്റം വരുത്തിക്കൊണ്ട് സി പി എം ജീവൻ രക്ഷ ഉപാധി തെരഞ്ഞെടുത്തിരിക്കുന്നത്.
അസമിലും ബംഗാളിലും കോൺഗ്രസുമായി നേരിട്ടു തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞിട്ടുണ്ട്. പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനങ്ങളിൽ മേൽവിലാസമുണ്ടാക്കാനും ത്രിപുരയിൽ ചെറുത്തുനിൽപിനും കോൺഗ്രസ് ബന്ധം പ്രയോജനപ്പെടുത്താനാണ് തീരുമാനം. പൊളിറ്റ്ബ്യൂറോയിൽ കേരളത്തിൽനിന്നു പങ്കെടുത്ത 4 പേരുൾപ്പെടെ എല്ലാവരും കോൺഗ്രസുമായി കൈകോർക്കുന്നതിനു പൂർണ്ണ പിന്തുണയാണ് നൽകിയത്. നിലവിൽ മറ്റു പോംവഴികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായും വാർത്ത വന്നു കഴിഞ്ഞു. ബിജെപി കാരണമുള്ള അപകടസ്ഥിതി എല്ലാവർക്കും ബോധ്യമുണ്ട്. ഇതു കേരളത്തിലും വിശദീകരിക്കാനാവും. സിപിഎമ്മിനെ എതിർക്കുന്നതിൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ കോൺഗ്രസിന്റെയും അവരുടെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകൾ വ്യത്യസ്തമാണെന്നും അതു ജനത്തിനറിയാമെന്നുമാന് സി പി എം നേതാക്കൾ പറയുന്നത്.
എല്ലാ മതനിരപേക്ഷ കക്ഷികളെയും ഒരുമിച്ചുനിർത്തി, ബിജെപിയെ പരാജയപ്പെടുത്തണമെന്നും ഇതു കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ വേണമെന്നുമാണ് 2018 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചിരുന്നത്. ബംഗാളിൽ ഈ നയം നടപ്പാക്കാൻ പിണറായിപക്ഷം അന്ന് സമ്മതിച്ചില്ല. കോൺഗ്രസുമായുള്ള കൂട്ടുകെട്ട് കേരളത്തിൽ പാർട്ടി അണികളോട് പോലും വിശ്വസനീയമായി വിശദീകരിക്കാനാവില്ലെന്ന അവസ്ഥ നില നിൽക്കുമ്പോഴാണ് സി പി എം ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.