ചാകാറായ വെള്ളാനക്ക് സർക്കാരിന്റെ ഒരു കൈതാങ്ങ്.

ചാകാറായ വെള്ളാനക്ക് സംസ്ഥാന സർക്കാരിന്റെ വക ഒരു കൈ സഹായം. ഭരിക്കുന്ന സർക്കാരുകളിൽ നിന്ന് ഓരോ ഭരണ കാലത്തും ഖജനാവിൽ നിന്ന് ജനത്തിന്റെ പണം ഊറ്റിയെടുത്ത് തിന്നു മുടിക്കുന്ന ഈ വെള്ളാന സർക്കാരിന് കൊടുക്കാനുള്ള 961 കോടി സർക്കാർ എഴുതി തള്ളാൻ പോവുകയാണ്. കെ എസ് ആർ ടി സി യുടെ കാര്യമാണിത്. കെ എസ് ആർ ടി സി യുടെ വായ്പ 3,194 കോടി രൂപയുടെ സർക്കാർ ഓഹരിയാക്കി മാറ്റുന്നു. ജീവനക്കാരിൽനിന്നു പിടിച്ച് ബാങ്ക്, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കു കൊടുക്കാനുള്ള റിക്കവറി കുടിശിക, മെഡിക്കൽ റീ ഇംബേഴ്സ്മെൻറ് എന്നിവ അടയ്ക്കുന്നതിനായി കോർപറേഷന് 255 കോടി രൂപ നൽകാൻ പോകുന്നു. 4,160 കോടി രൂപ ഇതുവരെ കെ എസ് ആർ ടി സി സർക്കാരിൽ നിന്ന് അക്ഷരാർത്ഥത്തിൽ പിടുങ്ങിയിട്ടുണ്ട്. മുൻ സർക്കാർ 1,220 കോടിയാണ് നൽകിയത്. ഖജനാവ് അക്ഷയ പാത്രമായുള്ളപ്പോൾ നമ്മുടെ കെ എസ് ആർ ടി സി എന്ന ഈ വെള്ളാന എന്തിനു ഭയക്കണം.
എന്നും നഷ്ടക്കടലിലെന്നുള്ള സാമ്പത്തിക പരാധീനത മലയാളികൾ എന്നും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത് കെ എസ് ആർ ടിസി യുടെ കാര്യത്തിലായിരിക്കും. എന്നും ഇപ്പോഴും ബാധ്യതകൾ ആണ്. ഒരു വശത്തു ശമ്പളം കൊടുക്കാൻ നിവർത്തി ഇല്ലാത്ത അധികൃതർ, മറ്റൊരു വശത്തു ശമ്പളമില്ലാത്തതിനാൽ ജോലി ചെയ്യില്ല എന്ന പേരിൽ പണി മുടക്കുന്ന തൊഴിലാളികൾ. സമരമെന്നും ഹർത്താലെന്നുമുള്ള പേരിൽ ബസുകൾ റോഡിലിറങ്ങാതെ കെ എസ ആർ ടി സി വരുത്തി വെച്ച നഷ്ടങ്ങളുടെ കണക്ക് തന്നെ വരും കോടികൾ. സിംഗിൾ ഡ്യൂട്ടി ഡബിൽ ഡ്യൂട്ടി ആക്കി ശമ്പളം വാങ്ങാൻ വെമ്പുന്ന കണ്ടക്ടർമാർ, ഭരണം നടത്താൻ നടക്കുന്ന യൂണിയൻ നേതാക്കൾ, തോന്നിയ പാടെ സർവ്വീസുകൾ വെട്ടി കുറക്കുന്ന കെ എസ് ആർ ടി സി അധികൃതർ,ഞാനൊന്നും കണ്ടില്ലയെ എന്ന മട്ടിൽ സർക്കാർ. തമ്മിൽ പഴിചാരി സഹകരണമില്ലാത്ത ജീവനക്കാരെയും കൊണ്ട് ഇത്രയും കാലം കെ എസ് ആർ ടി സി ഓടിച്ചതിന് പ്രത്യേക പുരസ്കാരം നൽകിയാലും അതിശയമില്ല .
സ്വന്തം കാര്യം സിന്ദബാദ് എന്ന് മാത്രം നോക്കി തിന്നു കൊഴുത്ത കെ എസ് ആർ റ്റി സി നഷ്ടം മാത്രമേയുണ്ടാക്കിയുള്ളു എന്ന് പറഞ്ഞാൽ വിമർശിക്കാൻ ആർക്കും കഴിയില്ല. വിമർശനം അർഹിക്കുന്ന പരാമർശം അല്ലത്. എന്നിട്ടും അഹങ്കാരമൊട്ടു കുറഞ്ഞതുമില്ല. ഇപ്പോഴിതാ അതിനൊരു മോഡി വരുത്താൻ സംസ്ഥാന സർക്കാർ പുതിയ പക്കേജും പ്രഖ്യാപിച്ചിരിക്കുന്നു. കോർപറേഷൻ സർക്കാരിനു കുടിശികയായി നൽകാനുള്ള 961 കോടി രൂപയുടെ പലിശ പാക്കേജിൻറെ ഭാഗമായി എഴുതിത്തള്ളും. ഇതുവരെയുണ്ടാക്കിയിട്ടുള്ള നഷ്ടത്തിന് പുറമെയാണിത് . കൂടാതെ 3,194 കോടി രൂപയുടെ വായ്പ സർക്കാർ ഓഹരിയാക്കി മാറ്റും. ജീവനക്കാരിൽനിന്നു പിടിച്ച് ബാങ്ക്, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കു കൊടുക്കാനുള്ള റിക്കവറി കുടിശിക, മെഡിക്കൽ റീ ഇംബേഴ്സ്മെൻറ് എന്നിവ അടയ്ക്കുന്നതിനായി കോർപറേഷന് 255 കോടി രൂപ നൽകും. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുകയും ജീവനക്കാർക്ക് ഇടക്കാലാശ്വാസമായി പ്രതിമാസം 1500 രൂപ അനുവദിക്കുകയുംചെയ്യും. അപ്പൊ പറഞ്ഞു വരുന്നത് കെ എസ് ആർ ടി സി സേഫ് സോണിലായി എന്നാണ്. അങ്ങനെ എങ്കിലും ഒരു പക്ഷെ കെ എസ് ആർ ടി സി രക്ഷപ്പെടുമായിരിക്കും.
സാധാരണക്കാരായ പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ സമയനഷ്ടമില്ലാതെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യം, ഇതാണ് കെ എസ് ആർ ടി സി രൂപീകരിക്കാൻ ഉള്ള കാരണം. ഗ്രാമ പ്രദേശങ്ങളിൽ രാത്രിയിലും മറ്റും ഈ സേവനം പ്രയോജനപ്പെട്ടിട്ടുണ്ട്. കൂടാതെ സ്വകാര്യ സർവീസുകൾ ജനങ്ങളെ ലാഭേച്ഛയോടെ പിഴിഞ്ഞപ്പോൾ അന്നും കെ എസ് ആർ ടി രക്ഷകനായി. എന്നാൽ ഇന്ന് കെ എസ് ർ ടി സി യൂണിയൻ നേതാക്കളുടെ നിയന്ത്രണത്തിലാണ്. ഒരു ഡിപ്പോയിൽ ബസ് എങ്ങോട്ടു പോകണം ബസ് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇവരാണ്. സാധാരണക്കാർക്കു വേണ്ടി തുടങ്ങിയ സർവീസുകൾ പലതും വെട്ടിക്കുറക്കപ്പെട്ടു . കാരണം എന്തെന്ന് ചോദിച്ചാൽ കളക്ഷൻ ഇല്ല. ഉൾപ്രദേശങ്ങളിലേക്കു പോകേണ്ട സർവീസുകൾ കൃത്യസമയത്തും വിടാറില്ല. 4 മണിക്ക് പോകേണ്ട സർവീസുകൾ അഞ്ചു മണിയായാലും ആറ് മണിയായാലും പോകില്ല. അതിന്റെ കാരണം യാത്രക്കാർ കുറവാണ്, ആള് കൂടട്ടെ എന്നിങ്ങനെയാണ്. ആള് കയറി കളക്ഷൻ കൂടി കെ എസ്ആ ർ ടി സിക്ക് ലാഭമുണ്ടാക്കുക എന്നതല്ല സിംഗിൾ ഡ്യൂട്ടി എന്നത് ഡബിൾ ഡ്യൂട്ടി ആക്കുക എന്നതാണ് ലക്‌ഷ്യം. ദിവസേനയുള്ള ടാർഗെറ്റിൽ നിന്നും 100 രൂപ കൂടിയാലും ഡബിൾ ഡ്യൂട്ടി എന്നത് ലഭ്യമാകും. പണിയെടുക്കാതെ ശമ്പളം വാങ്ങുകയും കെ എസ് ആർ ടി സിയെ സംരക്ഷിക്കുന്നവർ എന്ന പേര് സ്വയം ചാർത്തി നടക്കുകയും ചെയ്ത ഒരുകൂട്ടം നേതാക്കൾ നഷ്ടത്തിലോടിയ വഞ്ചി കരക്കടുപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അതെ വഞ്ചിയിൽ നാടുകടത്തുകയായിരുന്നു.
എന്നാൽ വഞ്ചി മുങ്ങുമെന്ന അവസ്ഥയായപ്പോൾ കോര്പറേഷന് പൂട്ടി പോകാതിരിക്കാൻ ജീവനക്കാർ കണ്ണ് തുറന്നു. സ്റ്റോപ്പുകളിൽ വണ്ടിനിർത്തി ആളെക്കയറ്റാനും യാത്രക്കാരോടു മര്യാദയോടെ പെരുമാറാനും തുടങ്ങി. കൈ കാണിച്ചാൽ സ്റ്റോപ്പിൽ നിർത്താത്ത ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താത്ത ബസിനു പുറകെ യാത്രക്കാരെ ഓടിച്ചിരുന്ന, ബസ് നിറയെ യാത്രക്കാർ കയറിയാൽ അസഭ്യം പറഞ്ഞിരുന്ന ജീവനക്കാർ മര്യാദ രാമന്മാർ ആയി. ഇന്നും ചിലരുടെ സമീപനങ്ങളിൽ മാറ്റമില്ല. കണ്ടക്ടർമാരിൽ നിന്നും ഒരിക്കലെങ്കിലും ദുരനുഭവം നേരിടാത്ത ഒരു യാത്രക്കാരനും ഉണ്ടാകില്ല. ലക്ഷക്കണക്കിന് സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഇനി രാജവാഴ്ചയിലേക്കൊരു തിരിച്ചു പോക്ക് കെ എസ് ആർ ടി സിക്ക് ഉണ്ടാകില്ല. അധികൃതർ അഹോരാത്രം ജീവനക്കാരുടെ പിന്നാലെ നടന്നു ആത്മാർത്ഥത അളന്നാൽ ഒരുപക്ഷെ നിലനിൽപ് സാധ്യമാകുമായിരിക്കും. വരുന്ന മൂന്നുവർഷംകൊണ്ടു കോർപറേഷൻറെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുമെന്നാണ് ജനത്തിന്റെ കോടികൾ വാരിക്കോരി ചിലവാക്കി സർക്കാർ പറയുന്നത്. വെള്ളാനയെ കുളിപ്പിക്കാൻ പോവുകയാണ് സർക്കാർ.