ബംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു.

ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ബംഗളൂരുവിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. ബിനീഷ് നല്കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
രാവിലെ 11 മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ പറഞ്ഞ മൊഴികളിൽ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടർന്നാണ് വീണ്ടും ചോദ്യം നടക്കുന്നത്. അനൂപിന് ആറ് ലക്ഷം രൂപ മാത്രം നല്കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഇ ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്. കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തപ്പോഴും അനൂപ് മുഹമ്മദിന് ബൊമ്പനഹള്ളിയില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ ആറ് ലക്ഷം രൂപ മാത്രമേ നല്കിയുള്ളു എന്ന് ബിനീഷ് മൊഴി നൽകിയിരുന്നു. ലഹരി മരുന്ന് കേസില്‍ നേരത്തെ പിടിയിലായ അനൂബ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യംചെയ്യല്‍. ബിനീഷ് നല്കിയ മൊഴിയില്‍ വൈരുധ്യമുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്.