ഐ സി സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ് ലി.

ഐ.സി.സി റാങ്കിൽ ഏകദിന ബാറ്റ്സ്മാൻമാരിൽ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. 871 പോയന്റുകളാണ് കോലി യ്ക്കുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമയാണ്. 855 പോയന്റാണ് താരത്തിനുള്ളത്. പട്ടികയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ താരം പാക്കിസ്ഥാന്റെ ബാബർ അസമാണ്. ഈയിടെ അവസാനിച്ച സിംബാബ്വെ-പാക്കിസ്ഥാൻ പരമ്പരയിലെ മികച്ച പ്രകടനമാണ് അസമിന് തുണയായത്. 837 പോയന്റുകളുമായി മൂന്നാമതാണ് താരം. ആദ്യ പത്തുസ്ഥാനങ്ങളിൽ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാനായില്ല.
ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാമത്. ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുംറ രണ്ടാമതാണ്. അഫ്ഗാനിസ്ഥാന്റെ മുജീബുർ റഹ്മാനാണ് മൂന്നാമത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസ്സൻ ഒന്നാമതെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാമത്. ഇന്ത്യൻ താരങ്ങളിൽ ഒൻപതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് ആദ്യ പത്തിൽ ഇടം നേടാനായത്. ടീമുകളുടെ റാങ്കിങ്ങിൽ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡ് മൂന്നാമതും ഓസ്ട്രേലിയ നാലാമതുമാണ്.