മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് എ.ഐ.എസ്.എഫ്.

വയനാട് ജില്ലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഏറ്റുമുട്ടലിലൂടെ വധിച്ച നടപടി ഇടതു പക്ഷ ഗവൺമെൻ്റിന് അപമാനകരമാണെന്നും എ.ഐ.എസ്.എഫിന്റെ രൂക്ഷ വിമര്‍ശനം. മനുഷ്യാവകാശ പ്രവർത്തകരും പ്രദേശവാസികളും മരണപ്പെട്ടയാളുടെ ബന്ധുക്കളും ഒരേ സ്വരത്തിൽ ഏറ്റുമുട്ടൽ വ്യാജമാണെന്നും പൊലീസ് നടപടി എകപക്ഷീയമാണെന്നും അഭിപ്രായപ്പെടുമ്പോഴും, അധികാരികളുടെ മൗനം ഏറ്റുമുട്ടൽ വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെടുന്നു. വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണെന്ന് പറയുന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് എ ഐ എസ് എഫ് തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നത്.
ഇടക്കിടക്കുണ്ടാകുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ പ്രഖ്യാപിത നയങ്ങൾക്കു വിരുദ്ധമാണ്. പൊലീസ് നടത്തുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും ആവശ്യപെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണു പൊലീസ് പറയുന്നത്. തമിഴ്നാട് തേനി സ്വദേശിയായ 35 വയസുള്ള വേല്‍മുരുകനാണ് പോലീസിന്റെ വെടിയുണ്ടയിൽ കൊലചെയ്യപ്പെടുന്നത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി അടക്കമുള്ള പാർട്ടികൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.
https://www.facebook.com/AisfKeralaUnit/photos/a.736460816440469/3544012309018625/