പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം: പോലീസ് അന്വേഷണം തുടങ്ങി.

ഇടുക്കി നരിയാംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കട്ടപ്പന പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേസിലെ പ്രതി മനു മനോജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മനു മനോജിനൊപ്പമുളള ചിത്രങ്ങളാണ് പ്രചരിച്ചത്. മനുവിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സ്ഥാപിച്ച ഫ്‌ളക്‌സുകളിലും ഇരയുടെ പടം ചേർത്തിരുന്നു. ഫ്‌ളക്‌സ് സ്ഥാപിച്ചവർക്കെതിരേയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മനു മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയിൽപെട്ട ജീവനക്കാർ നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം. ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിയവെ മരിച്ചിരുന്നു.