ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസ്: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിയും അറസ്റ്റില്‍.

ആത്മഹത്യാ പ്രേരണാ കേസില്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയെ ജയിലിലടച്ചതിനു പിന്നാലെ ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിയെയും അറസ്റ്റ് ചെയ്തു. ഗാന്‍ഷ്യം സിങിനെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. വാര്‍ത്താചാനലിന്റെയും പ്രോഗ്രാമു കളുടെയും റേറ്റിങികൃത്രിമം കാണിച്ചെന്നാരോപിച്ച് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസില്‍ അറസ്റ്റിലാവുന്ന 12ാമത് പ്രതിയാണ് ഗാന്‍ഷ്യം സിങ്. 2018 ല്‍ ഇന്റീരിയര്‍ ഡിസൈനറും മാതാവും ആത്മഹത്യ ചെയ്ത കേസില്‍ പുതിയ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആാഴ്ച മുംബൈയിലെ വീട്ടില്‍ നിന്ന് അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. ഗാന്‍ഷ്യം സിങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
റിപ്പബ്ലിക് ടിവി കാണാനും ഓണാക്കിവയ്ക്കാനും പണം നല്‍കിയെന്ന ആരോപണത്തിനു സാക്ഷികളുണ്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ടിആര്‍പി അഴിമതി സംബന്ധിച്ച ആരോപണത്തില്‍ രണ്ട് പ്രാദേശിക ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ റിപ്പബ്ലിക് ടിവി നിഷേധിക്കുകയും സുഷാന്ത് സിങ് രജ്പുതിന്റെ മരണം സംബന്ധിച്ച പോലിസ് അന്വേഷണത്തെ ചാനല്‍ വിമര്‍ശിച്ചതിനാണ് മുംബൈ പോലിസ് വേട്ടയാടുന്നതെന്നാണ് ചാനല്‍ അധികൃതരുടെ വാദം.