കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം / കെട്ടുകഥകളുടെ നിര്‍മാണശാലകളായി കേരളത്തിലെ മാധ്യമങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധാര്‍മികത മറന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോൾ നടക്കുന്നതിലേറെയും. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടക്കുകയും നാവ് ഉയര്‍ത്തേണ്ടിടത്ത് നാവ് അടക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനമാണിപ്പോൾ നടക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ടെന്നും, രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്ന തെന്നും, അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണെന്നും, ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും പറയുകയുണ്ടായി. മീഡിയ അക്കാദമിയിലെ പുതിയ ജേര്‍ണലിസം ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
”കേരളത്തിലും ഇന്ത്യയിലും വ്യാജവാർത്തകളാണ് പലയിടത്തും സത്യകഥകളായി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഐതിഹ്യത്തെ ചരിത്രത്തിലേക്കും, വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പടർത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുകായും, അതിന് കൂട്ടുനിൽക്കുകായും ചെയ്യുന്നു. നിഷ്പക്ഷം എന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങൾ പോലും നിർണായകഘട്ടത്തിൽ നിശ്ശബ്ദത പുലർത്തുന്നു.” പിണറായി വിജയൻ കുറ്റപ്പെടുത്തി.