വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന് കേരളം സുപ്രീം കോടതിയിൽ.

ന്യൂഡൽഹി / തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുളള തീരുമാനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തളളിയ സാഹചര്യത്തിലാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന് മുൻപ് വിമാനത്താവളം നടത്തി മുൻ പരിചയമില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുളള ലേലനടപടികളിൽ പാളിച്ചകൾ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിനെ ബോധപൂർവം ഒഴിവാക്കി, പൊതുതാത്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും സർക്കാരിന്റെ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുളള വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെൻഡർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി അന്ന് തിരിച്ചു ചോദ്യം ചെയ്തത്. ഹൈക്കോടതി അപ്പീൽ തളളിയ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ പോയാലും അനുകൂല ഫലമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാരിന് ലഭിച്ചിരുന്ന നിയമോപദേശം. ഇത് പ്രകാരം ഇതിനായി സുപ്രീം കോടതിൽ അപ്പീൽ നൽകേണ്ട എന്നായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിനിടെ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പ്അ പ്രകടിപ്പിച്ചതോടെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നത്.