നിവാറിന് പിന്നാലെ ആഞ്ഞടിക്കാന്‍ ബുറേവി,ന്യൂനമര്‍ദം അടുത്ത 10 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും.

തിരുവനന്തപുരം/ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 10 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും. നിവാറിന് പിന്നാലെ ആഞ്ഞടിക്കാന്‍ ബുറേവി ചുഴലിക്കാറ്റെത്തുന്നു. കേരളത്തില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്‍ഡിആര്‍എഫ് ടീമിന്റെ എട്ട് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ എ കൌശികന് അറിയിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്നും ഏകദേശം 860 കിലോമീറ്റര്‍ അകലെയാണ് അതിതീവ്ര ന്യൂനമര്‍ദം ഇപ്പോൾ ഉള്ളത്. ബുധനാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഗള്‍ഫ് ഓഫ് മാന്നാറിലെത്തിയ ശേഷം നാലാം തീയതി പുലര്‍ച്ചെ കന്യാകുമാരിയിലെത്തും. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത് മൂലം കാറ്റുവീശും എന്നാണു കണക്കാക്കുന്നത്. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ ഒരുക്കുന്ന നടപടികൾ നടന്നു വരുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് രാത്രിയാത്ര ഒഴിവാക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്.