പോലീസ് കള്ളക്കേസില്‍ കുടുക്കി, മനംനൊന്ത് പോലീസ് നോക്കി നിൽക്കെ യുവാവ് ജീവനൊടുക്കി.

കക്കോടി / പോലീസ് യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതിൽ മനംനൊന്ത് അപമാനം സഹിക്കാനാവാതെ പോലീസ് നോക്കി നിൽക്കെ തന്നെ യുവാവ് ജീവനൊടുക്കി. കക്കോടി മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന് രാജേഷ് 32 ആണ് പോലീസ് നോക്കി നില്‍ക്കെ പ്ലാവില്‍ തൂങ്ങിമരിക്കുന്നത്. പോലീസ് മോഷ്ടാവ് എന്ന മുദ്രകുത്തിയതിനാല്‍ യുവാവിന് ഭാര്യയെ ഉള്‍പ്പെടെ നഷ്ടപ്പെട്ടതിന്റെ ആഘാതമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാവിലെ ആറ് മണിയോടെ രാജേഷ് കിഴക്കുമുറിയിലെ തന്റെ വീട്ടില്‍ എത്തുകയായിരുന്നു. കതക് തട്ടി വിളിച്ചിട്ടും വീട്ടുകാര്‍ തുറക്കാന്‍ തയ്യാറായില്ല. തുടർന്ന് വീടിനു സമീപമുള്ള പ്ലാവില്‍ കയറി രാജേഷ് ആത്മഹത്യാ ഭീഷണി മുഴക്കി. വിവരം അറിഞ്ഞ് എത്തിയ ചേവായൂര്‍ പോലീസ് സംഘം കഴുത്തില്‍ കുരുക്കുമായി നിന്നിരുന്ന രാജേഷിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കേൾക്കുക യുണ്ടായില്ല. ഇതിനിടെ,പോലീസ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചിരുന്ന പ്രകാരം അവർ വരുന്ന വാഹനത്തിന്റെ ശബ്ദം കേട്ടപാടെ യുവാവ് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഇതിനകം രാജേഷ് തന്റെ കൈ ഞരമ്പ് മുറിച്ചിരുന്നു. ഇരുപത് മാസത്തോളമായി മോഷണക്കേസിന്റെ പേരിൽ ജയിലില്‍ കഴിഞ്ഞ ശേഷമാണ് രാജേഷ് പുറത്തിറങ്ങുന്നത്. പൊലീസുകാരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്തുകൊണ്ട് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിൽ യുവാവ് എഴുതി വെച്ചിട്ടുണ്ട്. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായതായി രാജേഷിന്റേതായ ശബ്ദ സന്ദേശത്തില്‍ പറയുന്നു.വസന്ത യാണ് അമ്മ,രമ്യ സഹോദരിയാണ്.