കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് , എവിടെയും നീണ്ട നിരകൾ.

കോട്ടയം/ തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ രാവിലെ ഏഴു മണിക്ക് തുടങ്ങി. 47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡർമാരും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരകളാണെന്നാണ് അഞ്ചു ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും പറയുന്നത്. 451 തദ്ദേശസ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് നടക്കുക. ആകെ വോട്ടർമാരിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നുണ്ട്. 12,643 പോളിംഗ് ബൂത്തുകളാണ് അഞ്ചു ജില്ലകളിലായി സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിരിക്കുകയാണ്.