നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാം, കോൺഗ്രസ് അരയും തലയും മുറുക്കുന്നു.

തിരുവനന്തപുരം / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൂപ്പു കുത്തി നിലം പരിശായ കോൺഗ്രസ് പൂർവാധികം ശക്തിയോടെ മടങ്ങി വരാനൊരുങ്ങുന്നു. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതിരുന്ന സാഹചര്യവും പോരായ്മകളും വിശദമായി ചര്‍ച്ച ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടാനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുകയാണ്. പരാജയത്തിന് വഴിയൊരുക്കിയ കാര്യങ്ങൾ സംബന്ധിച്ച് പാര്‍ട്ടിയുടെ എല്ലാഘടകങ്ങളിലും വിശദമായ വിലയിരുത്തല്‍ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി പി എമ്മിനുണ്ടായ വിജയം ഒരു രാഷ്ട്രീയ വിജയമായി
കേരളത്തിലെ കോൺഗ്രസുകാരായ രാഷ്ട്രീയ നിരീക്ഷകർ കാണുന്നില്ല. പ്രാദേശിക തല തെരെഞ്ഞെടുപ്പിൽ പ്രാദേശികമായി വ്യക്തികൾക്കാണ് വോട്ടർമാർ മുൻതൂക്കം കൊടുക്കുക. ഇക്കാര്യത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഘടകങ്ങൾക്ക് പരാജയം ഉണ്ടായി. അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ ഇതിനെല്ലാം പകരം വീട്ടാം എന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ.
2015 നേക്കാള്‍ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ പൊതുവിലയിരുത്തലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. പ്രബുദ്ധ കേരളത്തില്‍ ഒരിടത്തും പൊതുരാഷ്ടീയം ചര്‍ച്ചയായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ക്ഷേമപെന്ഷന് വിതരണവും ആരോഗ്യ, വിദ്യാഭ്യാസ മേഖലയും മുന്‍പന്തിയിലായിരുന്നു. എന്നാല്‍, ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാനായില്ല. സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തനത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയായിരുന്നു മറ്റൊരു കാരണം. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും തെരഞ്ഞെടുപ്പില്‍ പണമൊഴുക്കി. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ലെന്നും അത്തംര വീഴ്ചകള്‍ വസ്തുനിഷ്ഠമായി പരിഹരിച്ച് കൂടുതല്‍ ഐക്യത്തോടെ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും മുല്ല പള്ളി പറയുകയുണ്ടായി.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കോണ്‍ഗ്രസിന്റെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ആത്മാര്‍ത്ഥമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയത്. ഒരു രൂപ പോലും നല്കിയിട്ടല്ല അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സ്വന്തം പോക്കറ്റിലെ കാശെടുത്താണ്. അവരുടെ കരുത്തും ശക്തിയും പാര്‍ട്ടിയോടുള്ള കൂറുമാണ് നിലവിലുണ്ടായ വിജയത്തിന് കാരണം. അത്തരം പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തുന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിലയിരുത്തലിനായി ഇന്ന് കെപിസിസി സെക്രട്ടറിമാരുടെയും ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ഇന്ദിരാഭവനില്‍ രാവിലെ പത്തിന് ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 21ന് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികള്‍ അതത് നിയോജക മണ്ലങ്ങളില് രാവിലെ പത്തിന് യോഗം വിളിച്ചുചേര്‍ക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, കെപിസിസി മെംബര്‍മാര്‍, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. 22ന് ബ്ലോക്ക് തല യോഗങ്ങള്‍ ചേരും. ബ്ലോക്കിലെ ഡിസിസി കെപിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 23, 24, 26 തീയതികളില്‍ ജില്ലതിരിച്ച് അവലോകനയോഗം ഇന്ദിരാഭവനില്‍ നടക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍മാര്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. 23ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്. 24ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം. 26ന് തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിങ്ങനെയാണ് ജില്ലാ അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്. ഈ യോഗങ്ങളില്‍ നടക്കുന്ന വിലയിരുത്തലിന് ശേഷം ജനുവരി 6, 7 തീയതികളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ഇന്ദിരാഭവനില്‍ ചേര്‍ന്ന് പൊതുവിലയിരുത്തലും നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം താനേറ്റെടുക്കുന്നുവെന്നും നിലവില്‍ ലഭിച്ച വിജയത്തിന്റെ ക്രെഡിറ്റ് ആത്മാര്‍ത്ഥതയോടെ രാവും പകലും പ്രവര്‍ത്തിച്ച സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറയുകയുണ്ടായി.