പുതിയ കോവിഡ് വൈറസ് വ്യാപനം, സൗദി അറേബ്യ രാജ്യാതിർത്തികൾ അടച്ചു.

ലണ്ടൻ/ ലണ്ടനിൽ കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെ ച്ചതിനു പിറകെ ഇറ്റലിയടക്കം വീണ്ടും അടച്ചുപൂട്ടലിലേക്ക് നീഗുന്നതായ റിപ്പോർട്ടുകൾ വരുന്നു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടച്ചു. കര, വ്യോമ, സമുദ്ര അതിർത്തികളാണ് സൗദി അടച്ചിരിക്കുന്നത്. ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസുകൾ ഒഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും
സൗദി നിർത്തിവെച്ചു. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാൻ അനുവദിക്കും. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. ഡിസംബർ എട്ട് മുതൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ, പുതിയ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവർ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറന്‍റൈനിൽ കഴിയണം. ക്വാറന്‍റൈൻ കാലയളവിൽ കൊവിഡ് പരിശോധന നടത്തണമെന്നും, ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവർത്തിക്കണ മെന്നുമാണ് കർശന നിർദേശം നൽകിയിട്ടുള്ളത്.
അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തിൽപ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം ആണെന്നാണ് ബ്രിട്ടണിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് വ്യക്തത കൈവരിക്കാൻ കഴിയാത്തത് ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ആശങ്ക നൽകിയിരിക്കുകയാണ്. മരണനിരക്ക് കൂടുമോ വാക്സിൻ ഫലവത്താകുമോ എന്ന കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ പഴയ വൈറസിനേക്കാൾ 70 ശതമാനം വരെ കൂടുതൽ വ്യാപന സാധ്യതയുള്ളതാണ് പുതിയ വൈറസെന്നാണ് പുതിയ പഠനം പറഞ്ഞിരിക്കുന്നത്.