നടി ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാൻ പ്രമുഖ നടനും,ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടു.

കൊച്ചി / വാഗമണ്ണില്‍ ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കി കിട്ടാൻ കൊച്ചിയില്‍നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടന്റെയും ഇടപെടല്‍ ഉണ്ടായതായി റിപ്പോർട്ട്. പ്രമുഖ നടനും, ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതിനെ തുടര്‍ന്ന് ബ്രിസ്റ്റിയെ ആദ്യം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനിടെ ബ്രിസ്റ്റിയുടെ അടുത്ത ലഹരി മാഫിയ ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുന്നത്.

ബ്രിസ്റ്റിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് ഇല്ലല്ലോ എന്ന കാരണം പറഞ്ഞാണ് പ്രമുഖ നടനും, ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടു ബ്രിസ്റ്റിയെ ഊരിയെടുക്കുന്നത്. ബ്രിസ്റ്റിയുടെ കാര്യത്തിൽ ഇടപെട്ടത് വിവാദമായതോടെ ഇവർക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടാകുമോ എന്ന സംശയം പൊലീസിന് ബലപ്പെട്ടിരിക്കുകയാണ്. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്തിട്ടുള്ള നടന്, വാഗമണ്ണില്‍ റൈഡ് നടക്കുമ്പോൾ മറ്റൊരു റിസോർട്ടിൽ ഉണ്ടായിരുന്നതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ബ്രിസ്റ്റിയുമായി ഈ നടന് അടുത്തബന്ധം ഉണ്ടെന്നാണ് പോലീസിനുള്ള വിവരം. ഈനടൻ തന്റെ തന്റെ പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് ബ്രിസ്റ്റിയെ രക്ഷപ്പെടു ത്താൻ ശ്രമിക്കുകയായിരുന്നു.
മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നായാണ് ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുക്കുന്നത്. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റന്‍സി പില്‍സ്, എക്സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. നിശ പാർട്ടിയുടേ മറവിൽ ലഹരിമരുന്ന് കച്ചവടം നടത്തിയ കേസിലെ ഒന്നാം പ്രതിയും തൊടുപുഴ സ്വദേശിയുമായ അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊച്ചിയടക്കമുള്ള വിവിധ ഇടങ്ങളില്‍ ഇവര്‍ ഇത്തരം പാര്‍ട്ടികളില്‍ ഇവര്‍ ലഹരി വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.