കോൺസിന്റെ യോഗം, തർക്കവും വാക്ക് പോരും രൂക്ഷമായി പാതിയിൽ നിർത്തി, മറ്റൊരു ദിവസത്തേക്ക് മാറ്റി.

തിരുവനന്തപുരം/ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന കോൺസിന്റെ അവലോകനയോഗം, നേതാക്കൾ തമ്മിലുള്ള തർക്കവും,വാക്ക് പോരും രൂക്ഷമായതോടെ പാതിവഴിയിൽ നിർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റി. നേതാക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് യോഗം മാറ്റിവയ്ക്കാൻ കാരണമായത്. സ്ഥാനാർഥി നിർണയ മടക്കം പാളിയതാണ് കനത്ത തോൽവിയിലേക്ക് നയിച്ചതെന്നായിരുന്നു യോഗത്തിൽ പൊതുവികാരം ഉണ്ടായത്. ചില നേതാക്കൾ ബി.ജെ.പിയുമായി സഹകരണം സ്ഥാപിച്ചെന്ന് ഉന്നയിക്കുകയായുണ്ടായി. മണക്കാട് സുരേഷ് ആണ് ഈ ആരോപണം ഉന്നയിച്ചത്. ഇതിന് തെളിവുണ്ടെന്നും സുരേഷ് പറഞ്ഞതോടെയാണ് വാക്പോര് രൂക്ഷമായത്. മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും ഉമ്മൻ ചാണ്ടിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പോര്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലാണ് യോഗം നടന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഒരാളിൽ കെട്ടിവയ്ക്കരുതെന്നും കെപിസിസിക്കും ഉത്തരവാദിത്വമുണ്ടെന്നും വിഎസ് ശിവകുമാർ എംഎൽഎ പറഞ്ഞതോടെ കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. ബിജെപിയുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ് നടന്നതെന്നും തെളിവുണ്ടെന്നും സുരേഷ് വാദിച്ചു. തിരുവനന്തപുരത്ത് തുടർച്ചയായി ജയിക്കുന്ന എംഎൽഎമാർ അവരുടെ ഭാവിക്ക് വേണ്ടി ബിജെപിയെ കൂടെനിർത്തുകയാണെന്നും ആരോപണം ഉണ്ടായി.
തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം തന്‍റെ തലയിൽ വെക്കേണ്ടെന്നായിരുന്നു വി.എസ് ശിവകുമാർ എം.എൽ.എ പറഞ്ഞത്. വാർഡു തലത്തിൽ നിന്ന് തന്നെ ഒന്നിലധികം പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക് വന്നു. ചർച്ചകൾ നടത്തിയാണ് തീരുമാനം എടുത്തത്. അതിൽ തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്ക് മാത്രമാകില്ലെന്നും ശിവകുമാർ പറയുകയുണ്ടായി. ചില നേതാക്കൾ അവലോകനത്തിന് പകരം പ്രസംഗം നടത്തുകയാണെന്ന വിമർശനവും ഉണ്ടായി. വാക്പോര് രൂക്ഷമായതോടെ അവലോകന യോഗം ബഹളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ മറ്റൊരു ദിവസം വീണ്ടും യോഗം വിളിക്കാമെന്ന നിലപാടിലേക്ക് കെ.പി.സി.സി നേത്യത്വം എത്തി. തുടർന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.