ഓൺലൈൻ തട്ടിപ്പിലൂടെ ബാങ്ക് അക്കൗട്ടുകൾ കാലിയാക്കി കോടികൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെ ബെംഗളുരുവിൽ നിന്ന് പോലീസ് പൊക്കി.

കൊച്ചി / ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽനിന്നു കോടികൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണി ബെംഗളുരുവിൽ പൊലീസ് പിടിയിലായി. എറണാകുളം റൂറൽ പൊലീസാണ് കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ്(46)നെ ബെംഗളുരുവിൽനിന്ന് പിടികൂടിയത്. കേരളത്തിൽനിന്ന് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടെ 1.68 രൂപയാണ് തട്ടിയെടുത്തത്.
ഓൺലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും, അത് വഴി യൂസർ ഐഡിയും പാസ്‌വേർഡും സ്വന്തമാക്കിയും, ഫോണിലേക്ക് വരുന്ന ഒടിപി നമ്പർ ശേഖരിക്കുന്നതിന് കൃത്രിമ സിംകാർഡ് ഉപയോഗിച്ചുമാണ് സംഘം തട്ടിപ്പു നടത്തി വന്നിരുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ഒരാളുടെ അക്കൗണ്ടിൽനിന്നു മാത്രം 85 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. തൃശൂർ സ്വദേശികളായ മൂന്നു പേരുടെ അക്കൗണ്ടുകളിൽനിന്നായി 83.75 ലക്ഷം രൂപയും സംഘം തട്ടിയെടുത്തെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എറണാകുളം പോലിസ് മേധാവി കെ. കാർത്തിക് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സംഘത്തിലെ ഒരാൾ കേരളത്തിൽവന്ന് വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും നിർമിച്ച് മൊബൈൽ കമ്പനികളെ സമീപിച്ചു കൃത്രിമ സിം സമ്പാദിക്കുകയാണ് ചെയ്തു വന്നിരുന്നത്. തുടർന്ന് ഈ സിമ്മിലേക്ക് ഒടിപി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുന്ന നടപടിയാണ് ചെയ്തു വന്നിരുന്നത്. സിം കാർഡിന്റെ യഥാർത്ഥ ഉടമ നമ്പർ ബ്ലോക്കായി പോകുന്നതിനാൽ ബാങ്കിൽനിന്നു വരുന്ന മെസേജ് അറിയുമായിരുന്നില്ല.പണം നഷ്ട്ടപെട്ട മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബിഎസ്എൻഎല്ലിന്‍റെ ഓഫീസ് വഴിയാണ് സംഘം എടുത്തത്. അതിനു ശേഷം അഞ്ചു ദിവസങ്ങൾ കൊണ്ട് മൂവാറ്റുപുഴ സ്വദേശിയുടെ 85 ലക്ഷം രൂപ സംഘം പിൻവലിക്കുകയായിരുന്നു. പണം മാറ്റം ചെയ്യപ്പെട്ട കൊൽക്കത്തയിലെ നാലു ബാങ്ക് അക്കൗണ്ടുകളിലും നടത്തിയ അന്വേഷണം വഴിയാണ് മുഖ്യ പ്രതിയെ പോലീസിന് കുടുക്കാൻ കഴിഞ്ഞത്. തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽനിന്നു പണം എടുത്തത് അലുവയിലെ മൊബൈൽ ഓഫിസിൽനിന്നു കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചായിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തി വന്ന സംഘം ബെംഗളുരുവിൽ വലിയൊരു ഓപ്പറേഷനു തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ് ഉണ്ടായത്. കേരളത്തിൽ കൂടുതൽ പേരുടെ പണം തട്ടിയിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്. സൈബർ സി.ഐ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ആണ് കേസന്വേഷണം നടന്നത്.