മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാക്കി ഉർ റഹ്മാൻ അറസ്റ്റിലായി.

ന്യൂഡൽഹി / മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ, ലഷ്കർ തൊയ്ബ കമാൻഡർ സാക്കി ഉർ റഹ്മാൻ ലഖ്വി പാക്കിസ്ഥാനിൽ അറസ്റ്റിലായി. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തി വരുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ ആക്രമണത്തെ തുടർന്ന് ഇയാളെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നതാണ്. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മൂന്നുറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.