കൊവിഷീൽഡ്, കൊവാക്സിൻ കൊവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കി.

ന്യൂഡൽഹി / കൊവിഡ് മഹാമാരിയെ തളക്കാൻ രാജ്യത്ത് രണ്ട് പ്രതിരോധ വാക്സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കി. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് നിര്‍മിക്കന്ന കൊവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രണങ്ങളോടെ നൽകുന്ന അനുമതിയാണ് രണ്ട് വാക്സിനുകള്‍ക്കും ഇപ്പോൾ നൽകിയിരിക്കുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡ് വാക്സിൻ രാജ്യത്ത് 60,000 ആളുകളിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതായും വാക്സിന് 70.42 ശതമാനം ഫലപ്രാപ്തിയുണ്ടെന്നു തെളിഞ്ഞതായും ഡിസിജിഐ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഇതോടൊപ്പമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനും അനുമതി നൽകിയത്. സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ അധിഷ്ടിത വാക്സിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനുള്ള അനുമതിയും ഡിസിജിഐ നല്‍കി ഇതോടൊപ്പം നൽകിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ രണ്ട് വാക്സിനുകളും രണ്ട് ഡോസ് വീതമാണ് കുത്തിവെയ്ക്കേണ്ടത്. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണ് വാക്സിനുകള്‍ സൂക്ഷിക്കേണ്ടത് എന്നാണു നിർദേശം. അതേസമയം, വാക്സിൻ വിതരണം എന്നു തുടങ്ങുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ പ്രഖ്യാപനമുണ്ടായിട്ടില്ല. രാജ്യത്തെ മൂന്ന് കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.