Editor's ChoiceKerala NewsLatest NewsNationalNewsTech

ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.

കൊച്ചി / കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇന്ന് 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽഎൻജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം വീടുകൾക്കും, വ്യവസായങ്ങൾക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ൽ പൈപ്പ് ലൈൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമാണ് ഉള്ളത്.
കൊച്ചിയിലാണ് കേരളത്തിന്റെ ഉദ്ഘാടനവേദി. കേരളത്തിലും കര്‍ണാടകത്തിലും പരിസ്ഥിതി സൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കും. വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി 444 കിലോമീറ്റര്‍ പൈപ്പ് ലൈലിലൂടെ കര്‍ണാടകയിലെ മംഗളൂരിലെത്തിക്കും. പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ സംസ്ഥാനത്തിന്‍റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറക്കപ്പെടുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽ.പി.ജി, പെട്രോൾ, ഡീസൽ വിലവർധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.
പെട്രോകെമിക്കല്‍, ഊര്‍ജം, രാസവളം മേഖലകള്‍ക്ക് സംശുദ്ധമായ ഇന്ധനമാണ് ലഭിക്കുക. വാതകാധിഷ്ടിത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കും പദ്ധതി വഴിയൊരുക്കും. 2013ല്‍ ആരംഭിച്ചെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിജയം കാണുകയായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയില്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button