തിയേറ്ററുകൾ അടുത്തയാഴ്‍ച തുറന്ന് പ്രവർത്തിക്കും.

കൊച്ചി / സംസ്ഥാനത്തെ സിനിമ ശാലകൾ ഒരാഴ്‍ചത്തെ സമ്പൂർണ ശുചീകരണത്തിന് ശേഷം അടുത്തയാഴ്‍ച തുറന്ന് പ്രവർത്തിക്കുമെന്ന്
തിയേറ്ററുകൾ ഉടമകൾ അറിയിച്ചു. ടിക്കറ്റ് ചാർജ് വർദ്ധന ഉടൻ ഉണ്ടാവില്ല. സർക്കാരിൽ നിന്ന് ചില ആനുകൂല്യ ങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ചൊവ്വാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് തുറന്നാൽ മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് എടുത്ത തീരുമാനം. തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുളളൂവെന്നും, തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ മാത്രമായിരിക്കണമെന്നും, മൾട്ടിപ്ലെക്‌സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്‌ത സമയങ്ങളിൽ പ്രദർശനം നടത്തണമെന്നും, സീറ്റുകളുടെ അൻപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും, കൊവിഡ് ലക്ഷണങ്ങളുളളവരെ ഒരിക്കലും സിനിമ ഹാളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുത് തുടങ്ങി തിയേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു.