ട്രംപിന്റെ കലാപകാരികൾ നാലു മണിക്കൂർ വാഷിംഗ്ടൺ ഡിസിയിൽ അഴിഞ്ഞാടി, കാപ്പിറ്റോളിലേക്കു മാർച്ച്, 4 മരണം.

വാഷിംഗ്ടൺ ഡിസി / തെരഞ്ഞെടുപ്പു പരാജയം സമ്മതിക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ ട്രംപ് നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായിതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ ഒത്തുചേർന്ന ആയിരക്കണക്കിനു ട്രംപ് അനുയായികൾ വൈറ്റ്ഹൗസിൽനിന്നു കാപ്പിറ്റോളിലേക്കു മാർച്ച് ചെയ്തു. ആയുധങ്ങളുമായി കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് പാർലമെന്റ് മന്ദിരത്തിൽ നടത്തിയ കലാപം അമേരിക്കയിൽ ജനാധിപത്യത്തെ കശാപ്പു ചെയ്യും വിധമായിരുന്നു. കലാപകാരികൾ നാലു മണിക്കൂർ വാഷിംഗ്ടൺ ഡിസിയിൽ അഴിഞ്ഞാടുകയായിരുന്നു. ട്രംപ് അനുയായിൾ മതിൽ ചാടിക്കടക്കുന്നതിന്റെയും ജനാലച്ചില്ലുകൾ പൊട്ടിക്കുന്നതിന്റെയും കാപ്പിറ്റോൾ പോലീസുമായി ഏറ്റുമുട്ടുന്നതിന്റെയും മന്ദിരത്തിലുടനീളം റോന്തുചുറ്റുന്നതിന്റെയും സ്പീക്കറുടെ ഓഫീസിൽ കയറിയിരിക്കുന്നതിന്റെയും ഒക്കെ വീഡിയോ- ഫോട്ടോ ദൃശ്യങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. നാലു പേർ കലാപത്തിൽ മരണപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരു സ്ത്രീയും, മെഡിക്കൽ എമർജൻസി കാരണങ്ങൾ മൂലം മറ്റു മൂന്നു പേരും മരണപെട്ടതായാണ് ഔദ്യോഗിക വിശദീകരണം ഉണ്ടായത്. അക്രമസംഭവങ്ങളിൽ 52 പേർ അറസ്റ്റിലായിട്ടുണ്ട്. ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താനായി കോൺഗ്രസിന്റെ സെനറ്റ്, ജനപ്രതിനിധി സഭകൾ ബുധനാഴ്ച അർധരാത്രി സംയുക്ത സമ്മേളനം തുടങ്ങിയതിനു പിറകെയാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും നാണംകെട്ട ചെയ്തികൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നത്.
അക്രമികൾ സെനറ്റ് സഭയിലേക്ക് കടക്കുന്നതിനു മുൻപ് കോൺഗ്രസ് അംഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ആയുധങ്ങൾ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് അക്രമികളെ തുരത്തുന്നത്. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലായി വാഷിംഗ്ടൺ ഡിസിയിൽ നിശാനിയമം പ്രഖ്യാപിച്ചു. അനുയായികളെ മാർച്ചിനു പ്രേരിപ്പിച്ചു പ്രസംഗിച്ച ട്രംപ് പിന്നീട് അവരോട് വീട്ടിലേക്കു പോകാൻ നിർദേശിച്ചു ട്വീറ്റ് ചെയ്തു. എന്നാൽ നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ട്രംപ് ആവർത്തിക്കുകയും ചെയ്യുകയുണ്ടായി. ഇതിനിടെ, അക്രമത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നു വ്യക്തമാക്കിയ കോൺഗ്രസ് (പാർലമെന്റ്) അംഗങ്ങൾ ട്രംപിനെ പരാജയപ്പെടുത്തിയ ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തി പ്രഖ്യാപനം നടത്തുകയുണ്ടായി. സംഭവത്തിന് പിന്നാലെ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് 12 മണിക്കൂർ റദ്ദാക്കപ്പെട്ടു. ട്രംപിന്റെ ഭരണകാലാവധി കഴിയുംവരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ റദ്ദാക്കുന്നതായി ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ സംഭവത്തിൽ ഞെട്ടൽ അറിയിച്ചു. ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടുമിക്ക നേതാക്കളും അക്രമത്തെ അപലപിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതേസമയം, രണ്ടാഴ്ച കാലാവധി മാത്രമുള്ള ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടന്നുവരുന്നതായ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.