35,000 രൂപക്ക് ഡ്യൂക്ക് ബൈക്ക്, ആദായ വിൽപ്പന പൂർത്തിയാകും മുൻപ് പോലീസിന്റെ പൂട്ട്.

കൊടുങ്ങല്ലൂർ/ ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഡ്യൂക്ക് ബൈക്ക് 35,000 രൂപയായ വമ്പൻ ആദായ വിലക്ക് വിൽപ്പന നടത്തിയ ഇടപാട് പൂർത്തിയാകും മുൻപ് പോലീസിന്റെ പൂട്ട്. ഡ്യൂക്ക് ബൈക്ക് കമ്പനിയെ പോലും ഞെട്ടിച്ചുകൊണ്ട് വമ്പൻ ആദായ വിലക്ക് ബൈക്ക് വില്പന നടത്തിയ കള്ളന്മാരെ പോലീസ് പൊക്കിയതോടെയാണ് ആദായ വില്പനയെന്ന മാമാങ്കം പൊളിഞ്ഞത്.
ആഢംബര ബൈക്ക് മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ ബിരുദ വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി തെക്കൻ തറവാട്ടിൽ വിഷ്ണു (19), അരിമ്പൂർ എറവ് ആറാംകല്ല് സ്വദേശി പെരുമാടൻ വീട്ടിൽ റിക്സൻ (20) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ രമേഷിന്റെ നിർദ്ദേശ പ്രകാരം മതിലകം എസ്.എച്ച്.ഒ എ. അനന്തകൃഷ്ണനും, എസ്.ഐ കെ.എസ് സൂരജും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഡിസംബർ മാസം 22നാണ് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിന്റെ ഡ്യൂക്ക് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. പോയത്. മുഹമ്മദ് ഫാറൂഖിന്റെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ ബൈക്കാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു.
യുവാക്കളെ ചോദ്യം ചെയ്തതോടെ മോഷണം നടത്തിയത് വിഷ്ണുവാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. വിഷ്ണു ബി.ബി.എ വിദ്യാർത്ഥിയാണ് മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞു കൊണ്ട് വിഷ്ണുവിൽ നിന്ന് ബൈക്ക് വാങ്ങിയത് റിക്സൺ ആയിരുന്നു. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഡ്യൂക്ക് ബൈക്ക് 35,000 രൂപയ്ക്കാണ് റിക്സൺ വാങ്ങിയത്. എസ്.ഐ.ക്ലീസൺ, സീനിയർ സി.പി.ഒ മാരായ രമേഷ്, വിപിൻ, സി.പി.ഒമാരായ റഹീം, ഷിജു, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.