ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ നദിയില്‍ നിധി തേടിയിറങ്ങി ഗ്രാമവാസികള്‍. രാജ്ഘര്‍ ജില്ലയിലൂടെ ഒഴുകുന്ന പാര്‍വതി നദിയിലാണ് ജനങ്ങള്‍ നിധിതേടി ഇറങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മത്സ്യ തൊഴിലാളികള്‍ക്ക് ഇവിടെ നിന്നും മുഗള്‍ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ കിട്ടിയിരുന്നു. തുടര്‍ന്നാണ് പ്രദേശവാസികളും നിധി തേടി നദിയിലെത്തിയത്. ശിവപുര, ഗരുഡപുര എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് നിധി കുഴിച്ചെടുക്കാനായി നദീ തീരത്തെത്തിയത്. മുഗുള്‍ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം വന്‍ ജനക്കൂട്ടമാണ് ഇവിടെത്തിയത്. ഉണങ്ങിവരണ്ട് പാര്‍വതി നദിയുടെ തീരങ്ങള്‍ ഇവര്‍ കുഴിച്ച് തുടങ്ങി.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസും എത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് നിധിയല്ലെന്നും നാണയങ്ങള്‍ ചെമ്പിലും വെള്ളിയിലും തീര്‍ത്തവയാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഇവയ്ക്ക് വിപണിയില്‍ വിലയില്ലെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ നിധി അന്വേഷിച്ചുള്ള യാത്രയിലാണ് പ്രദേശവാസികള്‍.