Kerala News

കൈയ്യില്‍ പച്ചകുത്തിയത് അച്ഛന്റെ ഫോട്ടോ;കേരളം മാതൃകയാക്കണം സംഗീതിനെ

തൃശൂര്‍: സിനിമാ താരങ്ങളെയും മറ്റ് ചിഹ്നങ്ങളും പച്ചകുത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം അച്ഛന്റെ ഫോട്ടോ പച്ചകുത്തുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ…മാതാപിതാക്കളെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇക്കാലത്ത് എല്ലാവര്‍ക്കും മാതൃകയായി അസൂയാവഹമായ ഒരു അച്ഛന്‍ മകന്‍ ബന്ധം. അച്ഛനോടുള്ള സ്നേഹം അത്രമേല്‍ കൂടിയപ്പോള്‍ മകന്‍ അച്ഛന്റെ മുഖം അങ്ങ് കയ്യില്‍ പച്ചകുത്തി. ഇരിങ്ങാലക്കുട പൊറത്തുശേരി പാറപ്പുറം വീട്ടില്‍ സംഗീത് സന്തോഷ് ആണ് അച്ഛനെ സ്നേഹംകൊണ്ട് പൊതിയുന്നത്. കൂട്ടുകാരെല്ലാം ഓരോ രൂപങ്ങള്‍ കയ്യില്‍ പച്ചകുത്തിയപ്പോള്‍ സംഗീത് അച്ഛനെ തന്നെ കയ്യില്‍ പച്ചകുത്തി ചെയ്തു. പച്ചകുത്താന്‍ അച്ഛന്റെ ഫോട്ടൊ എടുത്ത് കാണിച്ചപ്പോള്‍ അത്ഭുതത്തോടെ സംഗീതിനെ നോക്കിയ പച്ചകുത്തുകാരനോട് അവന്‍ പറഞ്ഞു: അച്ഛനെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ… ആദ്യമായാണ് അച്ഛന്റെ മുഖം പച്ചകുത്താന്‍ ഒരാളെത്തുന്നത്.

എന്നാല്‍ സംഭവം കണ്ടപ്പോള്‍ അച്ഛന്‍ ഞെട്ടി. പിന്നെ ചോദിച്ചു: എന്തിനാടാ വേദനയൊക്കെ സഹിച്ച്.. അത് ഉള്ളിന്റെ ഉള്ളില്‍ വന്നതാണചഛാ.. എന്നു മറുപടി കേട്ടപ്പോള്‍ പെട്ടെന്ന് അച്ഛന്‍ പൊട്ടിക്കരഞ്ഞു. സംഗീതിനെ കെട്ടിപ്പിടിച്ചു.ഷെഫ് ആയി ഗുജറാത്തില്‍ ജോലി ചെയ്യുമ്പോള്‍ പച്ചകുത്തണമെന്നു വിചാരിച്ചതാണെന്ന് സംഗീത് പറയുന്നു. പിന്നെ നാട്ടില്‍ വന്നപ്പോഴാണു നടന്നത്. തന്റെ മുഖം പച്ചകുത്തിയ മകനെക്കുറിച്ച് അച്ഛന്‍ കൂട്ടുകാരോടു പറഞ്ഞു. കേട്ടപ്പോള്‍ അവര്‍ക്കും സന്തോഷം. പലരും വീട്ടില്‍ വന്ന് സംഭവം കണ്ടു. അച്ഛന്‍ കട്ട ഫ്രണ്ടാണെന്നാണ് സംഗീത് പറയുന്നത്.

എന്തുകൊണ്ട് അമ്മയുടെ മുഖം പച്ചകുത്തിയില്ല എന്ന ചോദ്യത്തിനും സംഗീതിനു മറുപടിയുണ്ട്. ‘ അമ്മയേയും വലിയ ഇഷ്ടാണ്. ഒരു പൊടി ഇഷ്ടം കൂടുതല്‍ അച്ഛനോടാണ്. പിന്നെ ഞാനും അമ്മയും അച്ഛനും പെങ്ങളുമൊക്കെ രാത്രി അത്താഴം കഴിഞ്ഞാല്‍ ഒരുമിച്ചിരുന്നു മണിക്കൂറുകളോളം സംസാരിക്കും. എന്നിട്ടേ ഉറങ്ങാറുള്ളു. അച്ഛന്‍ കിടു ആണെന്നാണ് ‘സംഗീത് പറയുന്നത്. കെഎല്‍എഫ് കമ്പനി ജീവനക്കാരനാണ് അച്ഛന്‍ സന്തോഷ്. അമ്മ സന്ധ്യ. സഹോദരി സ്നേഹ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button