ലിസയോട് കനിഞ്ഞില്ല, വിഷംകുത്തിവച്ച് വധശിക്ഷ.

വാഷിങ്ടൻ / ഏഴു പതിറ്റാണ്ടിനുശേഷം വീണ്ടും യുഎസിൽ ഒരു വനിതക്ക് വധശിക്ഷ നടപ്പാക്കി. മാനസിക വെല്ലുവിളി നേരിടുന്ന ലിസ മറീ മോണ്ട്ഗോമറിയെയാണ് വധശിക്ഷയ്ക്കു വിധേയയാക്കിയത്. ഓൺലൈൻ ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23),അവരുടെ വീട്ടിൽ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്നശേഷം വയർ കീറി ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു വധശിക്ഷ നൽകിയത്.ഇന്ത്യാനയിലെ റ്റെറെ ഹൂട്ട് ജയിലിൽവച്ച് വിഷംകുത്തിവച്ചു വധിക്കുകയായിരുന്നു. ലിസയുടെ മാനസികാരോഗ്യം പരിഗണിച്ച് ഇന്ത്യാനയിലെ ജഡ്ജി കഴിഞ്ഞദിവസം ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണു വധശിക്ഷ നടപ്പാക്കിയത്.
2004 ഡിസംബർ 16ന് നടന്ന സംഭവശേഷം എട്ടുമാസമുള്ള ഗർഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാൻസസിലെ ഫാംഹൗസിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ പോലും സ്വന്തം കുഞ്ഞാണെന്നായിരുന്നു ലിസ പറഞ്ഞിരുന്നത്.ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗർഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏൽപിക്കുകയായിരുന്നു. ഇതിനിടെ മാനസിക പ്രശ്നങ്ങൾ നേരിടുന്ന ലിസയ്ക്കു മാപ്പു നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.
ചെറുപ്പകാലത്ത് വളർത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്കു ക്ഷതമേൽക്കുകയായിരുന്നു. പിന്നീട് അവൾ വളർന്നപ്പോൾ മാനസിക ദൗർബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്കു മാപ്പു നൽകണമെന്ന ആവശ്യമുയർന്നിരുന്നത്. 68 വർഷത്തിനു ശേഷമാണ് യുഎസിൽ വീണ്ടും ഒരു വനിതയ്ക്കു വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. 1953 ൽ ബോണി ബ്രൗൺ ഹെഡിയുടെ വധശിക്ഷയാണ് യുഎസിൽ അവസാനമായി നടപ്പാക്കിയത്. യുഎസിൽ ഇതുവരെ 5 വനിതകളെയാണു ഫെഡറൽ സംവിധാനം വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുള്ളത്.