എന്‍സിപി നേതാവ് കൂടിയായ മന്ത്രിക്കെതിരെ ഗായികയുടെ പീഡന പരാതി.

മുംബൈ /മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെ ഗായികയുടെ പീഡന പരാതി. ബോളിവുഡില്‍ അവസരങ്ങള്‍ വാങ്ങി നൽകാമെന്ന് പറഞ്ഞ്, നീണ്ട 14 വർഷക്കാലം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഗായിക പരാതിയിൽ പറഞ്ഞിട്ടുള്ളത്. പരാതിയുടെ പകര്‍പ്പ് യുവതി സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
തന്റെ ജീവന് അപകടത്തിലാണെന്നും14 വര്‍ഷമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നും പറയുന്ന പരാതിയില്‍,സഹോദരീ ഭര്‍ത്താവ് എന്നാണ് മന്ത്രിയെ യുവതി വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്കെതിരേ ഉന്നയിച്ചിട്ടുള്ള ഈ ആരോപണം നിഷേധിച്ച് ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. ആരോപണം ഉന്നയിച്ച യുവതിയുടെ മൂത്തസഹോദരിയുമായി തനിക്ക് 2003 മുതല്‍ ബന്ധമുണ്ടെന്നും ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അറിയാമെന്നും അവര്‍ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണന്നും ഫേസ്ബുക്ക് മുഖേന നല്കിയ വിശദീകരണത്തില്‍ മന്ത്രി വെളിപ്പെടുത്തി.
അതേസമയം, 2019 മുതല്‍ ഇരുസഹോദരിമാരും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവരുകയാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.