
ചെന്നൈ : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയെ, വര്‍ഗീയകലാപമുണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ട്രിപ്ലിക്കേന്‍ സ്വദേശികളായ പുരുഷോത്തമന്‍ (32), ഭാസ്‌കര്‍ (30) എന്നിവരാണ് പിടിയിലായത്. പുരുഷോത്തമന്‍ ബി.ജെ.പി.യുടെ ട്രിപ്ലിക്കേന്‍ സെക്രട്ടറിയും ഭാസ്‌കരന്‍ ട്രിപ്ലിക്കേന്‍ വെസ്റ്റ് സെക്രട്ടറിയുമാണ്. സംഘത്തിലുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകനായ സൂര്യ ഒളിവിലാണ്.
കഴിഞ്ഞദിവസം രാത്രി ഏറെവൈകിയാണ് മുഹമ്മദ് അബൂബക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇവര്‍ എത്തിയത്. മദ്യപിച്ചിരുന്ന സംഘം ചിക്കന്‍ ഫ്രൈഡ് റൈസ് നല്‍കാന്‍ ആവശ്യപ്പെട്ടു. കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും മൂവര്‍സംഘം അതുസമ്മതിക്കാതെ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഭക്ഷണം പാകംചെയ്യിച്ചു. ഭക്ഷണംകഴിച്ചതിന് ശേഷം ബില്‍നല്‍കിയപ്പോള്‍ പണം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്സണല്‍ സെക്രട്ടറിയെ വിളിക്കുമെന്നും താന്‍വിളിച്ചാല്‍ വരാന്‍ ആയിരംപേര്‍ തയ്യാറായിരിക്കുകയാണെന്നും വര്‍ഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. അതോടെ അബൂബക്കര്‍ പോലീസിനെ വിളിച്ചുവരുത്തി.സ്ഥലത്തെത്തിയ ഐസ്ഹൗസ് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.