ബെവ്ക്യൂ ആപ്പിനെ ഒടുവിൽ സർക്കാർ ഒഴിവാക്കി, ടോക്കൺ ഇല്ലാതെ മദ്യം വിൽക്കാം.

തിരുവനന്തപുരം / കോവിഡ് വ്യാപനത്തിന് ശമനം ഉണ്ടായപ്പോൾ മദ്യവിതരണത്തിനു വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒടുവിൽ സർക്കാർ ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നൽകാമെന്നു ചൂണ്ടികാട്ടിയാണ് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. ആപ്പ് വഴി ടോക്കൺ എടുത്ത് മദ്യ വിൽപ്പന നടത്താൻ കൊണ്ടുവന്ന ആപ്പിന്റെ പ്രയോജനം സ്വകാര്യ ബാറുടമകൾക്കാണെന്ന ആക്ഷേപം തുടക്കത്തിലേ ഉയർന്നിരുന്നതാണ്.
ലോക്ക്ഡൗണ്‍ സമയത്താണ് മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്കോ, കണ്‍സ്യൂമർഫെഡ് ഔട്ലെറ്റുകൾ വഴി മാത്രമാക്കിയിരുന്നു.ആപ്പിൽ നിന്നു ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്കു പോയതോടെ സർക്കാർ ഔട്ട്ലെറ്റുകളുടെ വിൽപന കുത്തനെ ഇടിക്കുകയായിരുന്നു. ഇതോടെയാണ് ആപ്പ് പിൻവലിക്കണമെന്നു ബെവ്കോ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലമുറപ്പുവരുത്താൻ കഴിഞ്ഞ മേയ് 27 നാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്. കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആയ ഫെയർകോഡ് ടെക്നോളജീസാണ് ആപ്പ് വികസിപ്പിച്ചത്. സംസ്ഥാനത്ത് സ്പിന്ക്ലെറിന് പിറകെ ബെവ്ക്യൂ ആപ്പിന്റെ വരവും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.