പൊലീസ് കാന്റീനിൽ അഴിമതി, ആസ്ഥാനത്ത് അറിയിച്ചെങ്കിലും നടപടിയില്ല.

തിരുവനന്തപുരം/ കേരള പോലീസിന്റെ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീനിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്. പൊലീസ് കാന്റീനിൽ 2018–19 കാലഘട്ടത്തിൽ നടന്ന വൻ ക്രമക്കേടുകളെക്കുറിച്ച് പൊലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും നടപടിയില്ല. അടൂർ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീനിൽ വൻ അഴിമതി നടക്കുന്നതായി കെ എ പി മൂന്നാം ദളം കമാൻഡന്റ് ഡി ജി പിക്ക് നൽകിയ റിപ്പോർട്ട് പുറത്തായതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ക്രമക്കേടുകൾ പൊലീസ് ആസ്ഥാനത്ത് നേരത്തെ അറിയിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ നടപടി സ്വീകരിച്ചില്ല.
2018–19 കാലഘട്ടത്തിൽ കാന്റീനിൽ 42.29 ലക്ഷം രൂപയുടെ ചിലവാകാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയതായും, 11.33 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ സ്റ്റോക്കിൽ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു. ചില മേലധികാരികൾ നൽകിയ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചില കമ്പനികളുടെ ഉത്പന്നങ്ങൾ അനാവശ്യമായി വാങ്ങി കൂട്ടുകയായിരുന്നു. അനാവശ്യമായി വാങ്ങിക്കൂട്ടിയ പഴകിയ ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥരുടെമേൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇവ അതത് കമ്പനികൾക്ക് തിരിച്ചു നൽകണമെന്നും പറയുന്ന റിപ്പോർട്ടിൽ, ഇക്കാര്യത്തിൽ അഴിമതിയെക്കുറിച്ച് പുറത്തുള്ള ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നും നിർദേശിക്കുന്നുണ്ട്.
2018–19 കാലഘട്ടത്തിൽ വാങ്ങിയ 11,33,777 രൂപയുടെ ഉൽപ്പന്നങ്ങൾ ആണ് സ്റ്റോക്കിൽ നിന്നും കാണാതായിരുന്നത്. കാന്റീൻ ഗോഡൗൺ നിർമാണത്തിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുള്ളതായും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. അടൂരിലെ ചെറിയൊരു ക്യാന്റീനിൽ ഇത്രയും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ മറ്റുള്ള സ്ഥലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി വേണം കരുതാനെന്നും റിപ്പോർട്ടിൽ സൂചന നൽകുന്നുണ്ട്.