ലോകത്തെ ആകെ ഞെട്ടിച്ച് മഹാമാരിക്ക് ജോൺസൻ & ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിൻ വരുന്നു.

ന്യൂയോർക്ക്/ കൊവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണങ്ങളിൽ ശാസ്ത്ര ലോകം ഒരു പടികൂടി മുന്നിലേക്ക്. ഇതുവരെയുള്ള എല്ലാ കൊവിഡ് വാക്സിനുകളും രണ്ടു ഡോസ് എടുക്കണമെന്നുള്ളപ്പോൾ, ഒറ്റ ഡോസ് കൊവിഡ് പ്രതിരോധ വാക്സിനുമായി വരുകയാണ് ബഹുരാഷ്ട്ര കുത്തകകളായ അമേരിക്കൻ കമ്പനിയായ ജോൺസൻ & ജോൺസൻ.
വാക്സിൻ പരീക്ഷണങ്ങളിൽ ഒരു ചുവടു കൂടി മുന്നിൽ എത്തിയിരിക്കുകയാണ് ഔഷധ മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ ജോൺസൻ & ജോൺസൻ എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ജോൺസന്‍റേ വാക്‌സിൻ ഒരൊറ്റ ഡോസ് എടുത്താൽ കോവിഡ് പ്രതിരോധം പൂർണ്ണമാവുകയാണ്. ഓക്സ്ഫഡ്- ആസ്ട്രസെനക വാക്സിന്‍റെയും റഷ്യയുടെ സ്ഫുട്നിക് വി വാക്സിന്‍റെയും അതേ വൈറൽ-വെക്റ്റർ സാങ്കേതിക വിദ്യ തന്നെയാണ് ജോൺസന്‍റെ വാക്സിൻ എന്നതും ശ്രദ്ധേയം. ഏതാനും ആഴ്ചകൾക്കകം ജോൺസന്‍റെ വാക്സിന് അമേരിക്ക അടിയന്തര ഉപയോഗ അനുമതി നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഫൈസറിന്‍റെയും മോഡേണയുടെയും വാക്സിനുകൾ രണ്ട് ഡോസ് എടുത്താലുള്ള ഫലശേഷി ജോൺസന്‍റെ ഒരൊറ്റ ഡോസിനു കിട്ടുന്നുണ്ടെന്നാണ് പ്രാഥമിക പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണത്തിന്‍റെ കൃത്യമായ ഫലം എത്തിയിട്ടില്ലെങ്കിലും, ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ എല്ലാം തന്നെ ആശാവഹമാണ്. രോഗബാധയുള്ളവരിൽ രോഗം ഗുരുതരമാവാതിരിക്കാനുള്ള മാർഗങ്ങളും ജോൺസൻ പരീക്ഷിക്കുന്നുണ്ടെന്നതിനാൽ പുതിയ വാക്‌സിൻ കൂടുതൽ പ്രതീക്ഷ നൽകുന്നതായാണ് വാക്സിൻ മേഖല നിരീക്ഷിക്കുന്നവർ അടിവരയിട്ടു പറയുന്നത്.