Kerala NewsLatest NewsNews

സിപിഎമ്മിന് നിയമസഭ പിടിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എത്തുമോ?…മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ മത്സരിക്കുമെന്ന് സൂചന.കഴിഞ്ഞ തവണ മാദ്ധ്യമപ്രവര്‍ത്തകരായ നികേഷ് കുമാറിനേയും വീണ ജോര്‍ജിനേയും തിരഞ്ഞെടുപ്പ് രംഗത്ത് സി പി എം പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ നിയമസഭ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ സി പി എമ്മില്‍ നിന്നുണ്ടാകും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പേര് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് സജീവമായി ഉയരുന്നത്.

കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് സീറ്ര് ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അദ്ദേഹത്തെ ജില്ലയ്ക്ക് പുറത്തെ മറ്റ് ഏതെങ്കിലും മണ്ഡലത്തില്‍ പരീക്ഷിക്കും എന്നും പറയപ്പെടുന്നു. പാര്‍ട്ടി മുഖപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് വര്‍ഷങ്ങളായി പാര്‍ട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററും കൂടിയാണ്.

പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവ് കൂടിയായ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താത്പര്യമുണ്ടെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ബ്രിട്ടാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പിന്നീടത് നടന്നില്ല. ജോണ്‍ ബ്രിട്ടാസ് മത്സരിക്കണമോയെന്ന കാര്യത്തില്‍ പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ഒന്നു രണ്ട് പേരുകള്‍ കൂടി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി അഭ്യൂഹങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോഴത്തെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്റെ പേര് തിരഞ്ഞെടുപ്പ് രംഗത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണമോയെന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button