ആശുപത്രിയിലെ തറയില്‍ നിന്ന് നക്കിയെടുത്തു,ജയസൂര്യയുടെ ‘വെള്ള’ത്തിന്റെ ഡെഡിക്കേഷന്‍ ഇതാണ്

ഡെഡിക്കേഷന്റെ കാര്യത്തില്‍ മലയാളത്തില്‍ ജയസൂര്യയെ വെല്ലാന്‍ വേറാരുണ്ട്….ഞാന്‍ മേരിക്കുട്ടി ഇതിനൊരുദാഹരണമാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം റിലീസിന് ഒരുങ്ങുകയാണ്. ക്യാപ്റ്റന്‍ സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയിലറിലെ ജയസൂര്യയുടെ പ്രകടനം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കഥാപാത്രമാകാനുള്ള ജയസൂര്യയുടെ ആത്മസമര്‍പ്പണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രജേഷ് സെന്‍. തറയില്‍ നിന്ന് നക്കിയെടുക്കുന്ന ഭാഗമെല്ലാം സെറ്റിടാതെയാണ് ജയസൂര്യ ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്.
‘ക്യാപ്റ്റന്‍ എന്ന സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം സെറ്റിട്ടു. പക്ഷേ ജയസൂര്യ വന്നപ്പോള്‍ ഇതെന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായത്. യഥാര്‍ഥ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടു. പിന്നാലെ ആ പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് വൃത്തിയാക്കി തന്നെയാണ് ആ സീന്‍ എടുത്തത്. വെള്ളം സിനിമയിലേക്ക് വരുമ്പോഴും അതിന് മാറ്റമില്ല. ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് െകാണ്ട് നക്കിയെടുക്കുന്ന ഒരു ഷോട്ടുണ്ട്.
ഫ്‌ലോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്‌ലോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത്.’- പ്രജേഷ് പറഞ്ഞു. മുഴുക്കുടിയനായ മുരളി നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് നായികമാരായി എത്തുന്നത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായി തിയറ്ററില്‍ എത്തുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.