ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യും.

തിരുവനന്തപുരം/യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണ്ണക്കടത്തുമായി ബന്ധപെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കര്‍ നാലാം പ്രതിയാണ്.
ഇതിനിടെ ഡോളര്‍ കടത്ത് കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയതായ പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കുകയുണ്ടായി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് വിവാദമായ ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം ആരോപിച്ച് പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യുമ്പോൾ, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മലപ്പുറം പൊന്നാനി സ്വദേശി നാസ് അബ്‌ദുളളയെ ആണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നാസിന്റെ പേരിലുളള സിം ആണ് സ്‌പീക്കർ ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണ്, നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുന്നത്. പൊന്നാനി സ്വദേശിയായ നാസർ 62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്ക് കൈമാറുകയായിരുന്നു.
സ്‌പീക്കറും സ്വപ്‌ന സുരേഷുമായുളള ബന്ധം വിവാദമായതോടെ സിംകാർഡുളള ഫോൺ ഓഫായി. സ്പീക്കർ ശ്രീരാമകൃഷ്‌ണന് പുറമെ മന്ത്രി കെ ടി ജലീലുമായും നാസ് അബ്‌ദുളള എന്ന നാസറിനു അടുത്ത ബന്ധമാണ് ഉള്ളത്. വിദേശത്തായിരുന്ന ഇയാൾ നാല് വർഷം മുമ്പാണ് നാട്ടിലെത്തുന്നത്. നിയമ സഭാ സമ്മേളനത്തിന് ശേഷം ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീ രാമ കൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് സ്പീക്കർ ഉപയോഗിച്ച് വന്നിരുന്ന 62388 30969 എന്ന നമ്പർ സിം കാർഡിന്റെ ഉടമയും സുഹൃത്തുമായ നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.