GulfKerala NewsLatest NewsNationalNews

പ്രവാസികളുടെ പ്രതിഷേധത്തിന് പുല്ലു വില, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മന്ത്രിസഭാ തീരുമാനം.

പ്രവാസികള്‍ക്ക് തിരികെ നാട്ടിലേക്ക് എത്തുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് കേരള സർക്കാർ സംസ്ഥാന മന്ത്രിസഭാ തീരുമാനമാക്കി. വേഗത്തിലുള്ള പരിശോധനയ്ക്ക് കേന്ദ്ര സ‍ര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നു പറഞ്ഞു പരിശോധനയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റെ തലയിലേക്ക് കെട്ടിവെച്ചിട്ടുമുണ്ട്. പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടില്ലെന്നു മാത്രമല്ല, ഇക്കാര്യത്തിൽ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധത്തിന് പുല്ലു വിലയാണ് കല്പിച്ചിരിക്കുന്നതെന്നതും വ്യക്തം. കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്ന പ്രവാസി കൂട്ടായ്മകൾ വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്ക് പരിശോധന നിർബന്ധമല്ലെന്നുള്ള വസ്തുത ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇതിനുള്ള മറുപടിയായി വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ബുധനാഴ്ച മന്ത്രിസഭായോഗം കൈകൊണ്ട തീരുമാനം.

പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധനയാണ് നടത്തേണ്ടത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുന്നതാണ് ട്രൂനാറ്റ് പരിശോധന. കോവിഡ് ടെസ്റ്റ് നടത്തുന്നതിന് സാമ്പത്തികവും പ്രായോഗികവുമായ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസലോകത്ത് പ്രതിഷേധം ഉയരുമ്പോഴും, തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവേണ്ടെന്ന നിലപാട് മന്ത്രിസഭായോഗം എടുക്കുകയായിരുന്നു. രോഗം ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് പോസ്റ്റീവായവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ ഇക്കാര്യത്തിൽ മുന്നോട്ടുവെക്കുന്നു. പ്രതിഷേധമുണ്ടെങ്കിലും സംസ്ഥാനത്തെ രോഗനിരക്ക് പിടിച്ചു നിര്‍ത്താന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തെ പ്രവാസികളും പ്രതിപക്ഷവും ശക്തമായ ഭാഷയിലാണ് കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button