സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ. ഉച്ചഭക്ഷണത്തിന് പകരമാണ് ഭക്ഷണകൂപ്പൺ നല്കാൻ തീരുമാനിച്ചത്. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ വീടിനടുത്തുള്ള സപ്ലൈക്കോയിൽ നൽകി ഭക്ഷ്യവസ്തുക്കൾ വാങ്ങാം. സ്കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പൺ നിലവിൽ ഉണ്ടാവുക.
ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങി. എൽപി വിദ്യാർത്ഥികൾക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നൽകുന്നത്.
2020 ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസ് സിവിൽ സപ്ലൈസ് കോർപ്പറേഷൻറെ സഹകരണത്തോടെ വിതരണം ചെയ്യാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് സർവൈവൽ ഭക്ഷ്യക്കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമുള്ളതിനാൽ ഈ കിറ്റുകൾകൂടി തയ്യാറാക്കി വിദ്യാലയങ്ങളിലെത്തിച്ചുനൽകാനാവില്ലെന്ന് സപ്ലൈകോ സർക്കാരിനെ അറിയിച്ചതിനാൽ മുടങ്ങുകയായിരുന്നു.
കോവിഡ് പ്രതിസന്ധി ഒഴിയുംവരെയും കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. കേന്ദ്രവിഹിതവും സർക്കാർ വിഹിതവും അനുവദിക്കുകയുംചെയ്തു. ഇത് വിതരണം ചെയ്യാനായാണ് സർക്കാർ പുതുവഴി ആലോചിച്ചത്.