ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് നേതൃത്വം നല്കിയ ദീപ് സിദ്ദുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ജഗ്ബിര്‍ സിങ്, ബൂട്ടാ സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ചെങ്കോട്ട ആക്രമണത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടുന്നില്ലെന്ന പ്രതിഷേധം ഉയരവേയാണ് പാരിതോഷിക പ്രഖ്യാപനം.
റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്കിയ ദീപ് സിദ്ദു ബിജെപിക്കാരനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു. പിന്നാലെ ദീപ് സിദ്ദു നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു. എന്നാല്‍ പതാക ഉയര്‍ത്തിയത് പ്രതിഷേധത്തിന്റെ ഭാഗമായാണെന്നും അതിന് അവകാശമുണ്ടെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിട്ടില്ലെന്നും ദീപ് സിദ്ദു ഫേസ് ബുക്ക് ലൈവില്‍ പറയുകയുണ്ടായി.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് ഒക്ടോബര്‍ വരെ സമയം നല്‍കുമെന്ന് കര്‍ഷക നേതാവ് രാകേഷ് തികായത് പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി നടത്തും. 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തുമെന്നും രാകേഷ് തികായത് മുന്നറിയിപ്പ് നല്കി. മുസഫര്‍ നഗറിനും ഭാഗ്പത്തിനും പിന്നാലെ ജിന്ദിലും ജാട്ട് മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ഗാസിപൂരിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു.
ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് 114 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരെ കാണാതായെന്ന പരാതികള്‍ പരിശോധിക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. അതേസമയം കര്‍ഷക സമരത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തി എന്നാരോപിച്ച് 6 സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂരും രാജ്ദീപ് സര്‍ദേശായിയും അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസുകള്‍ ബാലിശമാണെന്നും ഡല്‍ഹിക്ക് പുറത്തുള്ള കേസുകള്‍ നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു. സമര ഭൂമികളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതില്‍ കേസെടുക്കണമെന്നും സംഘര്‍ഷം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 141 അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് കത്തച്ചിട്ടുണ്ട്.