ഒരു മുഖ്യമന്ത്രിക്ക് പ്രിയം സ്വര്‍ണത്തോട്; മറ്റൊരാള്‍ക്ക് ഊര്‍ജം സോളാറിൽ നിന്ന്; വിമര്‍ശനവുമായി നഡ്ഡ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോടാണ് പ്രിയം, മറ്റൊരാള്‍ക്ക് സോളാറില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. തൃശ്ശൂരില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കൊടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവും നിറഞ്ഞ ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. സ്ത്രീ-ദളിത് അതിക്രമങ്ങള്‍ വര്‍ധിദ്ധിച്ചു. ക്രമസമാധാനനില തകര്‍ന്നുവെന്നും കൊറോണ കൈകാര്യം ചെയ്യാനായി സംസ്ഥാനത്തിന് നല്‍കിയ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നും നഡ്ഡ പറഞ്ഞു.
കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും വ്യാപകമായ അഴിമതിയിലാണ്. ഒരു സംസ്ഥാനമെന്ന നിലയില്‍ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന് വളരെ മോശമായ പേര് നല്‍കിയിട്ടുണ്ട്. ശബരിമലയുടെ പേരിൽ യു.ഡി.എഫ് മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും നദ്ദ പറഞ്ഞു. അയ്യപ്പവിശ്വാസികളെ പിറകിൽനിന്ന് കുത്തിയ കോൺഗ്രസുകാർ ഇപ്പോൾ കാണിക്കുന്നത് നാടകമാണ്.
വിശ്വാസം ചോദ്യം ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ല. ശബരിമല വിഷയത്തിൽ രാഹുലും ഒന്നും പറഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് അവർക്ക് വേണം. അതിനായി ജനത്തെ കബളിപ്പിക്കുകയാണ്.
അഴിമതി കേസുകളില്‍ സ്ത്രീയുടെ നിഴല്‍ ഉണ്ട്. ഇത് പണത്തിന്റെ അഴിമതി മാത്രമല്ല അതിലുപരിയാണെന്നും നഡ്ഡ പറഞ്ഞു. പ്രധാനമന്ത്രി മോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദേഹം പറഞ്ഞു.