സമരത്തിന് പങ്കെടുക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്ഷയില്ല, വയനാട് വീണ്ടും സമരമുഖമാകുന്നു

ഈമാസം എട്ടിന് യു.ഡി.എഫ് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം ജില്ലയില്‍ സമരാഗ്നിക്ക് തിരികൊളുത്തും. കരട് വിജ്ഞാപനത്തിനെതിരെ വലിയ പ്രക്ഷോഭത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെ, വരുംദിവസങ്ങളില്‍ ജില്ല വ്യത്യസ്ത സമരപരിപാടികള്‍ക്ക് സാക്ഷിയാകും. ഇതിനകം തന്നെ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വന്യജീവി സങ്കേതം അധികാരികള്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍ ഇപ്പോഴുള്ള കരട് വിജ്ഞാപനത്തില്‍ വലിയ തിരുത്തലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കുക.പ്രക്ഷോഭത്തില്‍നിന്നു വിട്ടുനിന്നാല്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന ഭീതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളും സജീവമാകും.
സമരം ശക്തമാക്കാന്‍ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ജില്ല പഞ്ചായത്ത് ശനിയാഴ്ച അടിയന്തര ബോര്‍ഡ് മീറ്റിങ് വിളിച്ചു കൂട്ടി കരടു വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കും. സര്‍വകക്ഷി യോഗത്തിന്റെ പ്രാധാന്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്.
വയനാടിന്റെ മൂന്നിലൊന്ന് ഭാഗം വനവത്കരിക്കപ്പെട്ടുപോകുന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹതയുണര്‍ത്തുന്നതായി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ പഠനമോ, ചര്‍ച്ചയോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ജില്ലയിലെ എല്ലാ ജനങ്ങളും ഹര്‍ത്താലുമായി സഹകരിക്കണമെന്നും യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ അഭ്യര്‍ഥിച്ചു.