മാനസിക വെല്ലുവിളി നേരിട്ടിരുന്ന പയ്യനെകൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു, പിന്നെ തട്ടിക്കൊണ്ടുപോകൽ; പെൺകുട്ടിയെ ഏഴുമാസത്തിനിടെ വിറ്റത് ഏഴു തവണ: പിന്നീട് ആത്മഹത്യ

ഭോപ്പാൽ: ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടിയെ ഏഴുമാസത്തിനിടെ വിറ്റത് ഏഴു തവണ. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ആളുകൾക്കാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അവളെ വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ പൊലീസാണ് കേസ് അന്വേഷിച്ചത്.
പെൺകുട്ടിയുടെ ഭർത്താവ് ബാബ്‌ലൂ കുഷ്വായെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ബാബ്‌ലൂവിനു പെൺകുട്ടിയെ നിർബന്ധിതമായി വിവാഹാം ചെയ്തു നൽകുകയായിരുന്നു. ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാൾ ഇവരുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജാഷ്പൂർ സ്വദേശിയായ പെൺകുട്ടി പിതാവിനെ കൃഷിയിൽ സഹായിക്കാറുണ്ടായിരുന്നു. ഒരു ബന്ധുവാണ് മധ്യപ്രദേശിലെ ഛത്രപൂരിൽ ഇവളെ ജോലിക്കായി കൊണ്ടുപോകുന്നത്. ഇവിടെനിന്നാണ് പെൺകുട്ടിയെ കാണാതായത്.
തട്ടിക്കൊണ്ടു പോയവർ പണം ആവശ്യപ്പെട്ടതോടെ മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിച്ചു. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ പിടിയിലായ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ ജാഷ്പൂരിൽനിന്ന് ജോലിയുടെ പേരിൽ കൊണ്ടുവന്നിരുന്നതായി തുറന്നുസമ്മതിച്ചുവെന്ന് മുതിർന്ന പൊലീസുദ്യോഗസ്ഥൻ സച്ചിൻ ശർമ പറഞ്ഞു.
ഛത്രപ്പൂർ സ്വദേശിയായ കല്ലു റായ്കവർ എന്നയാളിന് 20,000 രൂപയ്ക്കാണ് ഏഴു മാസങ്ങൾക്കു മുൻപ് പെൺകുട്ടിയെ വിറ്റത്. യുപിയിലെ ലളിത്പുർ സ്വദേശിയായ സന്തോഷ് കുഷ്വാ എന്നയാളാണ് അവസാനം പെൺകുട്ടിയെ വാങ്ങിയത്. 70,000 രൂപയ്ക്കായിരുന്നു ഇത്. തുടർന്ന് ഇയാളുടെ മകൻ ബാബ്‌ലൂ കുഷ്വായ്ക്ക് പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലളിത്പൂരിൽവച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.