Latest NewsLife StyleNationalNewsShe

കോള്‍ സെന്ററില്‍ ജോലി ചെയ്തും ഹോട്ടലില്‍ പാത്രം കഴുകിയും തള്ളിനീക്കി, ഓട്ടോക്കാരന്റെ മകള്‍ മിസ് ഇന്ത്യയായ കഥ

മുംബൈ: മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം നേടുകയെന്നത് മന്യ സിങ്ങിന് സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു. എന്നാല്‍ ആ കിരീട നേട്ടം എളുപ്പമായിരുന്നില്ലതാനും. മിസ് ഇന്ത്യ റണ്ണറപ്പ് നേടിയ ഉത്തര്‍പ്രദേശുകാരിയായ മന്യ സിങ്ങിന്റെ ജീവിതകഥയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ ഷെയര്‍ ചെയതുകൊണ്ടിരിക്കുന്നത്.

യു.പിയിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ മത്സരത്തില്‍ റണ്ണറപ്പായതിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ജീവിത കഥ പങ്കുവെയ്ക്കുകയായിരുന്നു. ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികള്‍ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാന്‍ എത്രയോ കിലോമീറ്ററുകള്‍ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയില്‍ എനിക്കു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പതിനാലാം വയസ്സില്‍ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഞാന്‍ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്.

സ്വപ്നം കാണാനും അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കാനും കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല. മന്യ സിങ്ങ് കുറിച്ചു. മത്സരത്തില്‍ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാന്‍ഡ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button