‘ബെസ്റ്റ് സെല്ലർ’ വിഭാഗത്തിൽ വിസ്‍മയയുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’; സന്തോഷം പങ്കുവെച്ച് മോഹൻലാൽ, ഒപ്പം പ്രണവും

മോഹൻലാലിൻറെ മകൾ വിസ്‍മയയുടെ പുസ്‍തകം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വാലൻറൈൻ ദിനത്തിൽ പുറത്തിറങ്ങുകയാണ്. ആ വിവരം നേരത്തെ മോഹൻലാൽ തന്നെ അറിയിച്ചിരുന്നു. കവിതയും കലയും അടങ്ങിയ പുസ്‍തകം പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിൻ ബുക്സ് ആണ്. ഒരു അച്ഛൻ എന്ന നിലയിൽ മകൾ എഴുതിയ പുസ്തകത്തിൻറെ റിലീസ് തീയതി പങ്കുവെക്കാൻ സന്തോഷമെന്നും മോഹൻലാൽ കുറിച്ചിരുന്നു. ഇപ്പോഴിതാ വിസ്‍മയയുടെ പുസ്തകത്തെ സംബന്ധിച്ച മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ, ഒപ്പം പ്രണവും.
14ന് പുറത്തിറങ്ങുന്ന പുസ്തകത്തിൻറെ പ്രീ-ബുക്കിംഗ് ആമസോൺ നേരത്തേ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ആമസോണിൻറെ ‘ബെസ്റ്റ് സെല്ലർ’ വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. പ്രീ-ബുക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രകാശനത്തിനു മുൻപേ പുസ്തകം ‘ബെസ്റ്റ് സെല്ലർ’ പട്ടികയിൽ ഇടംപിടിച്ചതിൻറെ സന്തോഷം മോഹൻലാലും പ്രണവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
“എൻറെ മകൾ വിസ്‍മയയുടെ പുസ്‍തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലർ ആയതിൽ സന്തോഷം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്‍തകം കൈയിലെത്തുമ്പോൾ അതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുക. നാളെ മുതൽ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളിൽ പുസ്തകം ലഭിക്കും”, മോഹൻലാൽ കുറിച്ചു. താൻ പുസ്തകം വായിക്കുന്നതിൻറെ ചിത്രത്തിനൊപ്പമാണ് മോഹൻലാലിൻറെ പോസ്റ്റ്.