AutoCinemaMovieUncategorized

ജോർജുകുട്ടിയുടെ കാറിൻറെ നമ്പർ വ്യാജം; ഗതാഗത വകുപ്പിന്റെ വീഴ്ചപറ്റിയെന്ന് സോഷ്യൽ മീഡിയ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 2 വീടുകളിൽ തകർത്തോടുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ആയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ സിനിമയിലെ പല രംഗങ്ങളും. രസകരമായ ചർച്ചകളാണ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിൽ ഇപ്പോഴത്തെ മുഖ്യചർച്ചാ വിഷയമാണ് മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടിയുടെ ഫോർഡ് എക്കോ സ്‌പോർട്ട് കാർ.

ജോർജുകുട്ടിയുടെ കാറിൻറെ നമ്പർ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ പേരിലുള്ള നമ്പറാണെന്നുമാണ് പുതിയ കണ്ടെത്തൽ. പരിവാഹൻ വെബ്‍സൈറ്റിലെ വാഹനവിവരങ്ങളുടെ സ്‍ക്രീൻ ഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിലെ ഈ രസകരമായ ചർച്ച.

സംഭവം വൈറലായതോടെ ഇത് ഗതാഗത വകുപ്പിന്റെ വീഴ്ചയാണെന്നും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ജോർജുകുട്ടിയുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ഉള്ള രസകരമായ കമന്റുകളാണ് വരുന്നത്. ജോർജുകുട്ടി വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്നും ചിലർ ചോദിക്കുന്നു.

വരുൺ എന്ന കഥാപാത്രത്തിൻറെ തിരോധാനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാറിന്റെ കഥാപാത്രം നാട്ടുകാരെ വീണ്ടും ചോദ്യം ചെയ്യുന്ന ഒരു രംഗവും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. ആ ഭാഗത്തിലെ ഒരു ഡയലോഗ് ഇങ്ങനെ.

“ആ റോഡ് എങ്ങോട്ട് പോകുന്നതാ..?”

“അത് ജോർജുട്ടിയുടെ കേബിൾ ടിവി ഓഫീസ് ഇരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്ട് കട്ടാ സാർ. ആ റോഡ് ടാറ് ചെയ്തിട്ട് മൂന്ന് വർഷമേ ആയുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ..”

സിനിമയിലെ ഈ ഭാഗം ‘പിണറായിക്കാലം’ എന്ന രീതിയിൽ ചിലർ ഉയർത്തിക്കാട്ടിയിരുന്നു. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ എന്ന ഡയലോഗിന് ഇടയിൽ ആറു വർഷം മുമ്പ് ആ റോഡ് മോശമായിരുന്നു എന്ന് വ്യക്തമാക്കി എഴുതിയാണ് സോഷ്യൽ മീഡിയയിലെ ഇടത് അനുകൂലികളുടെ പ്രചാരണം. എം എൽ എമാർ പോലും ഈ ഡയലോഗ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വച്ചിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു കൌതുകം.

റോഡ് നന്നായത് പിണറായിുടെ നേട്ടമാണെങ്കിൽ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് മാറിയത് മോട്ടോർ വാഹന വകുപ്പിന്റെ വീഴ്‍ച അല്ലേയെന്നാണ് മറ്റുചിലർ ചോദിക്കുന്നത്. ജോർജ്ജുകുട്ടിയെ പിടിക്കാൻ കഴിയാത്ത പൊലീസിൻറെ വീഴ്‍ച ആഭ്യന്തര വകുപ്പിൻറേതു കൂടിയാണെന്നും ചിലർ വാദിക്കുന്നു. മാത്രമല്ല, വണ്ടി നമ്പർ കേസിൽ ജോർജുകുട്ടിയ്ക്ക് വേണ്ടി വാദിക്കാൻ അവസാനം സിനിമയിലെ വക്കീലായ രേണുക വരും എന്നുള്ള പ്രതികരണങ്ങളും ചിലർ പങ്കുവയ്ക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button