അനുരാഗ് കശ്യപും തപസ്സിയും കുടുങ്ങും, 650 കോടിയുടെ ക്രമക്കേട്

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും വസതികളില്‍ നടന്ന പരിശോധനയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി ഉദ്യോഗസ്ഥര്‍. രണ്ടാം ദിവസവും നടത്തിയ പരിശോധനകള്‍ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനുരാഗ് കശ്യപുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, മുന്‍ ബിസിനസ് പങ്കാളികള്‍, താപ്സി പന്നു, രണ്ട് ടാലന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളായ ക്വാന്‍ എന്റര്‍ടൈന്‍മെന്റ്, എക്സൈഡ് എന്റര്‍ടൈന്‍മെന്റ് എന്നിവ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 168 നികുതി ഉദ്യോഗസ്ഥര്‍ മുംബൈയിലും പൂനെയിലും 28 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 650 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. പ്രൊഡക്ഷന്‍ ഹൗസിന്റെ ഷെയര്‍ ട്രാന്‍സാക്ഷനുകളുടെ കൃത്രിമത്വവും വിലയിരുത്തലും സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും 350 കോടി രൂപയുടെ നികുതിയിളവ് കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘യഥാര്‍ത്ഥ ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രമുഖ ചലച്ചിത്ര നിര്‍മാണ സ്ഥാപനം വരുമാനം വന്‍തോതില്‍ മറച്ചുവച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. ഏകദേശം 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ചലച്ചിത്ര സംവിധായകര്‍ക്കും ഓഹരി ഉടമകള്‍ക്കുമിടയില്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഓഹരി ഇടപാടുകളില്‍ കൃത്രിമത്വം നടന്നതായി തെളിവുകള്‍ കണ്ടെത്തി. ഏകദേശം 350 കോടി രൂപയുടെ നികുതിയിളവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നു,’ ഡയറക്റ്റ് ടാക്സ് (സിബിഡിടി) സെന്‍ട്രല്‍ ബോര്‍ഡിന്റെ വക്താവ് സുരഭി അലുവാലിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രമുഖ നടി അഞ്ച് കോടി രൂപയുടെ ക്യാഷ് രസീത് സ്വീകരിച്ചതിന്റെ തെളിവുകള്‍ കണ്ടെടുത്തു. വിശദമായ അന്വേഷണം നടക്കുന്നു. വാര്‍ത്താക്കുറിപ്പില്‍ താപ്സി പന്നുവിന്റെ പേര് വെളിപ്പെുടത്താതെ വകുപ്പ് പറഞ്ഞു. ബുധനാഴ്ചയാണ് അനുരാഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും കശ്യപിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഫാന്റം ഫിലിംസിന്റെ പങ്കാളികളുടെ വസതികളിലും മറ്റുമായി ആദായ നികുതി പരിശോധന ആരംഭിച്ചത്. ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മാതാവ് മധു മണ്ടേനയുടെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.
പൗരത്വ നിയമഭേദഗതി, കര്‍ഷക പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും താപ്സി പന്നുവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പലതവണ അനുരാഗ് കശ്യപ് പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന് ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ഈ വിമര്‍ശനത്തിനെതിരായുള്ള? താപ്സിയുടെ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.