അരൂർ മണ്ഡലത്തിൽ ഷാനിമോൾ തന്നെ; കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഒമ്പത് വനിതകൾ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഒമ്പത് വനിതകൾ. അരൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഷാനിമോൾ ഉസ്മാന് സീറ്റ് ഉറപ്പായിരുന്നു. മുൻ മന്ത്രിയായ പി.കെ. ജയലക്ഷ്മി വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണ് ജനവിധി തേടുന്നത്. പത്മജ വേണുഗോപാൽ തൃശൂരിൽ നിന്ന് മത്സരിക്കും.
കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലത്ത് നിന്ന് ജനവിധി തേടും. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗമായിരുന്ന 27കാരിയായ അരിത ബാബു കോൺഗ്രസിൻറെ പ്രായം കുറഞ്ഞ വനിത സ്ഥാനാർഥിയായി കായംകുളത്ത് മത്സരിക്കും.
കെ.എ. ഷീബ തരൂരിൽ നിന്നും പി.ആർ. സോന വൈക്കത്ത് നിന്നും രശ്മി ആർ കൊട്ടാരക്കരയിൽ നിന്നും അൻസജിത റസൽ പാറശ്ശാലയിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. 92 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഞായറാഴ്ച പ്രഖ്യാപിച്ചത്.