കുട്ടികൾ രണ്ട് വയസ്സുകാരിക്ക് രക്ഷകരായി,കൊച്ചു തെരേസായ്ക്ക് ഇതു രണ്ടാംജന്മം.

കൈത്തോട്ടിൽ കാൽ വഴുതി വീണ രണ്ടു വയസുകാരി കൊച്ചു തെരേസായ്ക്ക് ഇതു രണ്ടാംജന്മം. അമ്മയുടെ വീടിനു സമീപത്തുള്ള കൈത്തോട്ടിൽ കാൽ വഴുതി വീണ തെരേസയെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നത്തിനു രക്ഷകരായത് കൊച്ചു കുട്ടികളായിരുന്നു. വിവരം അറിഞ്ഞ് മാണി സി കാപ്പൻ എം എൽ എയാണ് കുട്ടിയെ മരിയൻ മെഡിക്കൽ സെൻ്ററിലേക്ക് എത്തിച്ച് ജീവൻ രക്ഷിക്കാൻ താങ്ങായത്. വെള്ളത്തിൽ അകപ്പെട്ട കൊച്ചു തെരേസായെ വെള്ളത്തിൽ നിന്ന് തൂക്കിയെടുത്തു ആദ്യം പൈകയിലെ പുതിയിടം ആശുപത്രിയിൽ എത്തിച്ചത് കുട്ടികളായിരുന്നു. കല്ലമ്പള്ളിൽ ആനന്ദും കൂട്ടുകാരും ആണ് വെള്ളത്തിൽ നിന്ന് തെരേസായെ രക്ഷിക്കുന്നത്. പുതിയിടം ആശുപത്രിയിൽ ഉണ്ടായിരുന്ന മാണി സി കാപ്പൻ, കൊച്ചു തെരേസായെ അവിടെ നിന്നും മരിയൻ മെഡിക്കൽ സെൻ്ററിലേക്കും, എത്തിച്ചു. കോക്കാട്ട് തോമാച്ചൻ, തോണിയ്ക്കൽ അപ്പു, എം എൽ എ എന്നിവരുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ട് കൊച്ചു തെരേസായുടെ ജീവൻ രക്ഷിക്കാനായി.
തിങ്കളാഴ്ച വൈകിട്ടു ആറുമണിയോടെയാണ് തെരേസ വെള്ളത്തിൽ വീഴുന്നത്. കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളായ തെരേസ അമ്മ വീടായ മല്ലികശേരിയിലെ പുത്തൻപുരയ്ക്കൽ വീട്ടിൽ അമ്മ ബിന്ദുവിനോടൊപ്പമായിരുന്നു. വൈകിട്ടു വീടിനു തൊട്ടടുത്തുള്ള പൊന്നൊഴുകുംതോടിനു സമീപത്തുള്ള ചെറിയ കൈ തോടിനു സമീപം ആരുമറിയാതെ അവൾ എത്തി. നല്ല വെള്ളം ഒഴുക്കുള്ള തോട്ടിൽ കുട്ടി കാൽ വഴുതി വീണത് ആദ്യം ആരും കണ്ടില്ല. ഇരുനൂറ് മീറ്ററോളം കുട്ടി ഒഴുകി പൊന്നൊഴുകും തോട്ടിലേയ്ക്കു ചേരുന്ന ഭാഗത്ത് വരെ എത്തി.
തോട്ടിൽ ആമയം, കുളിക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും കുട്ടി ഒഴുകി വരുന്നത് കാണുകയായിരുന്നു. ഇവർക്കു കുട്ടിയെ പിടിക്കാൻ കഴിഞ്ഞില്ല. അവർ അലമുറയിട്ട് നിലവിളിച്ചു. കുട്ടികൾ അലമുറയിട്ടതോടെ സമീപത്തുണ്ടായിരുന്ന കല്ലമ്പള്ളിൽ ആനന്ദും കൂട്ടുകാരും ചേർന്ന് തോട്ടിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി കരയ്ക്കു കയറ്റി. അപ്പോൾ തെരേസ തീർത്തും അബോധാവസ്ഥയിലായിരുന്നു. തെരേസയെ ഇവർ സമീപത്തുള്ള കോക്കാട്ട് തോമച്ചൻ്റെ വീട്ടിലെത്തിച്ചു. തോണിയ്ക്കൽ അപ്പുവിൻ്റെ സഹായത്തോടെ ഉടൻ തന്നെ പുതിയിടം ആശുപത്രിയിൽ തുടർന്ന് എത്തിക്കുകയായിരുന്നു. അവിടെനിന്നും കുട്ടിയെ മരിയൻ മെഡിക്കൽ സെൻ്ററിലേയ്ക്ക് എത്തിക്കാൻ ആംബുലൻസ് വിളിക്കാൻ ശ്രമിക്കുന്നതിനിടെ മാണി സി കാപ്പൻ എം എൽ എ കുട്ടിയെ തൻ്റെ വണ്ടിയിൽ കയറ്റി പാലാ മരിയൻ മെഡിക്കൽ സെൻ്ററിലേയ്ക്ക് എത്തിക്കുകയായിരുന്നു.